കർണാടക: കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു മികച്ച മണ്‍സൂണ്‍ സീസണിന്റെ ആനന്ദത്തിലാണ് കര്‍ണാടക. മഴയും മഞ്ഞും പെയ്തിറങ്ങുമ്പോള്‍ കര്‍ണാടകയിലെ ടൂറിസം കേന്ദ്രങ്ങള്‍ തേടി സഞ്ചാരികളുടെയും പ്രവാഹമാണ്. പശ്ചിമഘട്ടത്തോട് ചേര്‍ന്നുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് കൂടുതല്‍ സഞ്ചാരികളെത്തുന്നത്. കുടക്, ചിക്കമംഗ്ളൂര്‍, കബനി, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കൂടുതല്‍ സഞ്ചാരികളെത്തുന്നത്. കര്‍ണാടക ടൂറിസം വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കുടക് ജില്ലയിലെ മടിക്കേരിയാണ് വലിയ സഞ്ചാരി പ്രവാഹമുള്ള ടൂറിസം കേന്ദ്രം. രാത്രിയാത്രാ നിരോധനവും വന്യജീവി പ്രശ്‌നങ്ങളുമെല്ലാം തിരിച്ചടിയായപ്പോള്‍ വയനാട്ടിലേക്ക് എത്തിയിരുന്ന ബംഗളൂരു ടെക്കികളും ഇപ്പോള്‍ കുടകിലേക്കാണ് പോകുന്നത്.
പശ്ചിമഘട്ടത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 1525 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കാര്‍ഷിക വിനോദസഞ്ചാര കേന്ദ്രമാണ് കൂര്‍ഗ് എന്ന കുടക്. കാപ്പിത്തോട്ടങ്ങള്‍ക്കും തേയില തോട്ടങ്ങള്‍ക്കും പേരുകേട്ട കൂര്‍ഗ് വെള്ളച്ചാട്ടങ്ങള്‍, പൈതൃക കേന്ദ്രങ്ങള്‍, കോട്ടകള്‍ എന്നിവയ്ക്കും പ്രശസ്തമാണ്. ക്യാമ്പിങ്, ട്രെക്കിങ്, വൈറ്റ് വാട്ടര്‍ റാഫ്റ്റിങ് പോലുള്ള സാഹസിക വിനോദ സഞ്ചാരത്തിനും കൂര്‍ഗ് മികച്ച സാധ്യതയാണ്. തെക്ക്പടിഞ്ഞാറന്‍ കര്‍ണാടകയില്‍ പശ്ചിമഘട്ട നിരകളില്‍ ഏകദേശം 4,100 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയിലായിട്ടാണ് കൂര്‍ഗ് സ്ഥിതി ചെയ്യുന്നത്. വയനാട് കല്‍പ്പറ്റയില്‍ നിന്നും 130 കിലോമീറ്ററാണ് കുടകിലേക്കുള്ള ദൂരം. മഴക്കാലത്തും മഞ്ഞുകാലത്തുമാണ് കൂര്‍ഗില്‍ സഞ്ചാരികളുടെ പ്രവാഹമുണ്ടാവുന്നത്.