ബെംഗളൂരു : കൊവിഡ് പ്രതിസന്ധിക്കിടയിലും കർണാടകത്തിൽ മന്ത്രിസ്ഥാനത്തിനായി വിലപേശൽ സജീവം. അതൃപ്തരായ മുതിർന്ന ബിജെപി എംഎൽഎമാർ ബെംഗളൂരുവിൽ രഹസ്യയോഗം ചേർന്നു. പ്രതിപക്ഷത്തെ പ്രീണിപ്പിച്ചും പാർട്ടി നേതാക്കളെ അവഗണിച്ചുമുളള മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പയുടെ പ്രവർത്തന രീതിക്കെതിരെയും ബിജെപിയിൽ വിമർശനമുയരുന്നുണ്ട്.
ഉയരുന്ന കൊവിഡ് ആശങ്ക ഒരു വശത്ത്. പാർട്ടി എംഎൽഎമാരിൽ നിന്ന് മന്ത്രിപദവിക്കായുളള സമ്മർദം മറുവശത്ത്. കടുപ്പമേറിയ സമയമാണ് കർണാടക മുഖ്യമന്ത്രിക്കിപ്പോൾ ഉള്ളത്. യെദ്യൂരപ്പ ഉറപ്പ് നൽകിയ മന്ത്രിസ്ഥാനം കിട്ടാതെ പോയ മുതിർന്ന ബിജെപി നേതാവ് ഉമേഷ് കട്ടിയാണ് വിമത നീക്കങ്ങൾക്ക് പിന്നിൽ. ബെംഗളൂരുവിൽ ഉമേഷ് കട്ടി വിളിച്ച രഹസ്യയോഗത്തിന് പതിനഞ്ച് എംഎൽഎമാർ എത്തിയെന്നാണ് വിവരം. വടക്കൻ കർണാടകത്തിലെ ഇരുപത്തഞ്ച് എംഎൽഎമാർ ഒപ്പമുണ്ടെന്നാണ് വാദം. ഒഴിവുളള ആറ് മന്ത്രിസ്ഥാനങ്ങളും രാജ്യസഭാ സീറ്റുമാണ് ലക്ഷ്യം. യെദ്യൂരപ്പ വെറും മുഖ്യമന്ത്രി മാത്രമാണെന്നും തീരുമാനങ്ങളെടുക്കുക കേന്ദ്രനേതാക്കൾ ആണെന്നും എംഎൽഎ ബസൻഗൗഡ യത്‍നാൽ തുറന്നടിക്കുകയും ചെയ്തു.
ബിജെപിയിലെ യെദ്യൂരപ്പ വിരുദ്ധ ചേരിയുടെ ആശിർവാദത്തോടെയാണ് സമ്മർദ്ദ നീക്കങ്ങളെന്നാണ് സൂചന. മുഖ്യമന്ത്രി ഏകപക്ഷീയമായാണ് പ്രവർത്തിക്കുന്നത് എന്നും പാർട്ടി നേതാക്കളെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും പരാതി ഉയർന്നിരുന്നു. അതേസമയം കൊവിഡ് നേരിടുന്നതിൽ ഡി. കെ ശിവകുമാർ, സിദ്ധരാമയ്യ എന്നിവരുമായി മുഖ്യമന്ത്രി നിരന്തരം കൂടിയാലോചനകൾ നടത്തി. രാജ്യവിരുദ്ധ പ്രസ്താവനയുടെ പേരിൽ സോണിയ ഗാന്ധിക്കെതിരെയെടുത്ത കേസ് റദ്ദാക്കാമെന്ന് കോൺഗ്രസിന് യെദ്യൂരപ്പ ഉറപ്പ് നൽകുകയും ചെയ്തു. ഇതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ പരസ്യമായി രംഗത്തുവന്നിരുന്നു.