പാലക്കാട് : കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി തമിഴ്‌നാടും കര്‍ണാടകയും. അത്യാവശ്യം ഇല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നാണ് സംസ്ഥാന ഭരണകൂടങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശം.
ഇന്ന് വൈകുന്നേരത്തോടെ ചെക് പോസ്റ്റുകള്‍ അടയ്ക്കാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. കേരളത്തില്‍ നിന്നുള്ള വാഹനങ്ങളെ തമിഴ്‌നാട് അതിര്‍ത്തിയില്‍ തടയുകയാണ്. നിലവില്‍ എല്ലാ വാഹനങ്ങളും പരിശോധിച്ച് മരുന്നു തളിച്ച ശേഷമാണ് തമിഴ്‌നാട്ടിലേക്ക് കടത്തിവിടുന്നത്. കോയമ്പത്തൂര്‍, തേനി, കന്യാകുമാരി ഉള്‍പ്പെടെയുള്ള അതിര്‍ത്തിപ്രദേശങ്ങളിലെല്ലാം പരിശോധന ശക്തമാക്കിയിട്ടുണ്ട്. വാളയാര്‍ വഴി അത്യാവശ്യ വാഹനങ്ങള്‍ മാത്രം കടത്തിവിടും.
നേരത്തെ ആര്യങ്കാവ് ചെക്ക്പോസ്റ്റിലും തമിഴ്നാട് സര്‍ക്കാര്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. അതേസമയം കേരളത്തിലേക്കുള്ള ബസുകള്‍ കര്‍ണാടക ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയില്‍ തടയുകയാണ്. ഇനി സര്‍വീസ് നടത്തരുതെന്ന് കര്‍ണാടക ഉദ്യോഗസ്ഥര്‍ പറഞ്ഞതായി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു. ഗുണ്ടല്‍പേട്ട്, ബാവലി ചെക്‌പോസ്റ്റുകളില്‍ ആണ് ബസുകള്‍ തടഞ്ഞത്.