കോട്ടയം: കാര്‍ഷിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസ് (എം- ജോസഫ് വിഭാഗം) കാസര്‍കോട്ടു നിന്നു തിരുവനന്തപുരം വരെ കര്‍ഷക ലോങ് മാര്‍ച്ച് നടത്തുമെന്നു വര്‍ക്കിങ് പ്രസിഡന്റ് പി.ജെ. ജോസഫ്. കേരള കോണ്‍ഗ്രസ്- എം ജേസഫ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം തിരുനക്കര മൈതാനത്തു നടത്തിയ കര്‍ഷകരക്ഷാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കന്മാരെ അണി നിരത്തി വരും ദിനങ്ങളില്‍ മാര്‍ച്ചും സമരങ്ങളും ആരംഭിക്കും. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നടത്തുന്ന ലോംഗ് മാര്‍ച്ചിന്റെ ഭാഗമായി ശക്തമായ അഞ്ച് കാര്‍ഷിക സമരങ്ങള്‍ നടത്തുമെന്നും ജോസഫ് പറഞ്ഞു.
റോഡിലെ കുഴി നികത്താന്‍ പണമില്ലാത്ത സംസ്ഥാന സര്‍ക്കാരാണ് 6000 കോടി രൂപ ചെലവില്‍ വേഗ റെയില്‍പാത നിര്‍മിക്കുമെന്നു ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരം റെയില്‍പാത വേണമെന്ന് ആവശ്യപ്പെട്ടാല്‍ കേന്ദ്രം അനുവദിക്കും. എന്നാല്‍ ഇതു ചോദിക്കാന്‍ പോലും നട്ടെല്ലില്ലാത്ത സംസ്ഥാന സര്‍ക്കാരാണു ജപ്പാനുമായി ചര്‍ച്ച നടത്തുമെന്നു പറയുന്നത്. ഇത്തരം പദ്ധതികള്‍ക്ക് ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയാണ് അനുമതി നല്‍കുന്നത്. കേരളത്തിലെ മന്ത്രി ചെന്നാല്‍ ജപ്പാന്‍ പ്രധാനമന്ത്രിയെ കാണാന്‍ പോലും കഴിയില്ല. അതിനാല്‍ ജനങ്ങളെ കബളിപ്പിക്കുന്ന പ്രഖ്യാപനം പിന്‍വലിച്ചു മാപ്പു പറയണം ജോസഫ് പറഞ്ഞു.