ചെന്നൈ : രാജ്യത്ത് ഒരിടത്തും ബി.ജെ.പിക്ക് ബദല്‍ ആകാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്ന മുതിര്‍ന്ന നേതാവ് കപില്‍ സിബലിന്റെ അഭിപ്രായത്തോട് യോജിച്ച് കോൺഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം. ട്വിറ്ററിലൂടെ ആയിരുന്നു കാര്‍ത്തിയുടെ പ്രതികരണം. ആത്മപരിശോധനയ്ക്കും ആശയരൂപവത്കരണത്തിനും കൂടിയാലോചനയ്ക്കും പ്രവര്‍ത്തനത്തിനും നമുക്ക് സമയമായിരിക്കുന്നു എന്നാണ് കാര്‍ത്തിയുടെ ട്വീറ്റ്. കപില്‍ സിബല്‍ തന്റെ അഭിമുഖം പങ്കുവെച്ചു കൊണ്ടുള്ള ട്വീറ്റ് റീട്വീറ്റ് ചെയ്ത കാര്‍ത്തി കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിനെ ടാഗ് ചെയ്തിട്ടുമുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകനായ കാര്‍ത്തി തമിഴ്‌നാട്ടില്‍നിന്നുള്ള ലോക്‌സഭാംഗം കൂടിയാണ്.
ശിവഗംഗ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. ‘ബിഹാറില്‍ മാത്രമല്ല ഉപതിരഞ്ഞെടുപ്പ് നടന്ന ഒരിടത്തും ബി.ജെ.പിക്ക് ബദലായി ജനങ്ങള്‍ കോണ്‍ഗ്രസിനെ കണക്കാക്കിയില്ല. ബിഹാറില്‍ ആര്‍.ജെ.ഡിയെയാണ് ബദലായി കണ്ടത്. ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ എല്ലാ സീറ്റുകളിലും ഞങ്ങള്‍ തോറ്റു. അവിടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ഞങ്ങള്‍ക്കായിരുന്നില്ല. ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ ചില സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ രണ്ടു ശതമാനം വോട്ടുകള്‍ മാത്രമാണ് നേടിയത്. എന്റെ സഹപ്രവര്‍ത്തകനായ പ്രവര്‍ത്തക സമിതിയിലെ അംഗമായ ഒരാളുടെ പ്രസ്താവന കേട്ടു കോണ്‍ഗ്രസ് ആത്മ പരിശോധന നടത്തുമെന്ന് എന്നും കപില്‍ സിബല്‍ വ്യക്തമാക്കി.