ചെങ്ങന്നൂർ : കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടകർക്കായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപം കഴിഞ്ഞ 42 ദിവസമായി നടത്തിവന്ന കരുണ മെഡിക്കൽ ഹെൽത്ത് ഹെൽപ്പ് കെയർ സെന്ററിന്റെ പ്രവർത്തനം സമാപിച്ചു. തീർത്ഥാടകർക്ക് സൗജന്യമായി ലഘു ഭക്ഷണവും മരുന്നുകളും വൈദ്യ സേവനവും ആംബുലൻസ് സൗകര്യവും സെന്ററില്‍ 24 മണിക്കുറും സജ്ജമാക്കിയിരുന്നു. ആയുർവേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യയുടെ നേത്വതത്തിൽ നൂറ്റിഅമ്പതോളം ഡോക്ടർമാരും കരുണയുടെ നഴ്സിംഗ് ടീമും സെന്ററിൽ സേവനം നടത്തി. സമാപന സമ്മേളനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു. കരുണ ചെയർമാൻ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി.
സെന്ററിൽ സേവനം നടത്തിയ ഡോക്ടർമാരെയും സന്നദ്ധ പ്രവർത്തകരെയും ആദരിച്ചു. ആയുർവേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മറ്റി അംഗം ഡോക്ടർ എ.പി ശ്രീകുമാർ, ചെങ്ങന്നൂർ താലൂക്ക് സെക്രട്ടറി ഡോ.ശ്രീവേണി മഞ്ചനാമഠം, സംസ്ഥാന ഔഷധ സസ്യ ബോർഡ് അംഗം ഡോ.പ്രിയ ദേവദത്ത്, ചെങ്ങന്നൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എം ശശികുമാർ, കരുണ ട്രഷറർ കെ.ആർ മോഹനൻ പിള്ള എന്നിവർ സംസാരിച്ചു. കരുണ ജനറൽ സെക്രട്ടറി എൻ.ആർ സോമൻ പിള്ള സ്വാഗതവും വൈസ് ചെയർമാൻ ജി.കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.