കരുനാഗപ്പള്ളി: വിഷക്കായ കഴിച്ച് അവശനിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയ ദമ്പതികള്‍ മരിച്ചു. കുലശേഖരപുരം, ആദിനാട് വടക്ക് കാരാളി പടീറ്റതില്‍ വീട്ടില്‍ വിജയന്‍ (65), ഭാര്യ ഗീത (55) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഇരുവരെയും വിഷക്കായ് ഉള്ളില്‍ചെന്ന് അവശനിലയില്‍ വീടിന്റെ കിടപ്പുമുറിയില്‍ കണ്ടെത്തിയത്.
രാവിലെയായിട്ടും മുറിക്ക് പുറത്തേക്ക് കാണാത്തതിനാല്‍ വീട്ടിലുള്ളവരും പരിസരവാസികളും ചേര്‍ന്ന് മുറി തുറന്നപ്പോഴാണ് ഇരുവരെയും വിഷക്കായ് ഉള്ളില്‍ചെന്നതിനെ തുടര്‍ന്ന് അവശനിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഉടന്‍തന്നെ ഇരുവരെയും ഓച്ചിറയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിജയന്‍ മരിച്ചിരുന്നു.
ഭാര്യ ഗീതയെ ഗുരുതരമായ നിലയില്‍ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകിട്ട് ആറ് മണിയോടെ അവരും മരിച്ചു. വിജയന്റെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. കരുനാഗപ്പള്ളി പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങള്‍ വെള്ളിയാഴ്ച പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മക്കള്‍: ബിനീഷ്, ഗിരീഷ് . മരുമക്കള്‍: നീതു, ശരണ്യ.