തൃശൂര്‍ : കരുവന്നൂര്‍ ബാങ്കില്‍ അനധികൃത വായ്പകളുടെ രേഖകള്‍ സൂക്ഷിക്കാന്‍ പ്രത്യേക ലോക്കര്‍ സംവിധാനം. ബാങ്കില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണു കണ്ടെത്തല്‍. അനധികൃത വായ്പ ഇടപാടുകാരുടെ രേഖകള്‍ അന്വേഷണസംഘം പിടിച്ചെടുത്തു.
അനധികൃത വായ്പകളുടെ ആധാരങ്ങളാണ് ഈ ലോക്കറിൽ സൂക്ഷിച്ചത്. 29 ആധാരങ്ങളാണ് ഇത്തരത്തിൽ ഉണ്ടായിരുന്നത്. ഉടമകളറിയാതെ ഈ ആധാരങ്ങളിലൂടെയാണു പ്രതികൾ വായ്പയെടുത്തു പണം തട്ടിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഈ ലോക്കറുകളിൽനിന്ന് സ്വർണനാണയങ്ങൾ ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. അതേക്കുറിച്ചു കൂടുതൽ പരിശോധിച്ചു വരികയാണ്.
കരുവന്നൂർ ബാങ്കിന്റെ ഭാഗമായി ഒരു സൂപ്പർ മാർക്കറ്റ് ശൃംഖല പ്രവർത്തിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട പർച്ചേസ് നടത്തിയപ്പോൾ ലഭിച്ചതാണ് ഈ സ്വർണനാണയങ്ങൾ എന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക വിലയിരുത്തൽ. പ്രതികൾക്കെതിരെ കൂടുതൽ തെളിവുകളും പ്രതികൾ എവിടെയെല്ലാം സ്വത്തുക്കൾ വാങ്ങിക്കൂട്ടിയിട്ടുണ്ട് തുടങ്ങിയ വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു വരികയാണ്. നിക്ഷേപകർക്ക് തുക മടക്കി നൽകണമെങ്കിൽ പ്രതികളുടെ പേരിലുള്ള സ്വത്തുവകകൾ കണ്ടുകെട്ടണം. അതിനുള്ള നടപടികളും സമാന്തരമായി നടക്കുന്നുണ്ടെന്നാണ് വിവരം.