തൃശ്ശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വീണ്ടും നടപടി. അഡ്മിനിസ്ട്രേറ്റർ എം.സി അജിത്തിനെ മാറ്റി. ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് 2018 ൽ അന്വേഷണം നടത്തിയത് ഇതേ അഡ്മിനിസ്ട്രേറ്ററായതിനാലാണ് മാറ്റിയത്. പകരം മൂന്നംഗ അഡ്മിസ്ട്രേറ്റീവ് കമ്മിറ്റിക്ക് ചുമതല നൽകി ഉത്തരവിറങ്ങി.
ബാങ്കിന്റെ ഓഡിറ്റ് നടപടികളുടെ മേൽനോട്ടം കഴിഞ്ഞ നാല് വർഷമായി വഹിച്ചിരുന്നത് എം.സി അജിത്താണ്. തട്ടിപ്പുകൾ കണ്ടെത്തി നടപടി എടുക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. അഡ്മിനിസ്ട്രേറ്റർക്ക് ബാങ്കിലെ എല്ലാ തട്ടിപ്പുകളും അറിയാമായിരുന്നുവെന്നും എന്നിട്ടും അദ്ദേഹം നിശബ്ദത പാലിക്കുകയായിരുന്നുവെന്നും പരാതി ഉയർന്നിരുന്നു.
ഇത്തരത്തിൽ പരാതി ഉയർന്ന സാഹചര്യത്തിലാണ് സഹകരണ രജിസ്ട്രാർ ഇക്കാര്യം പരിശോധിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തത്. അഡ്മിനിസ്ട്രേറ്റർക്ക് പകരമായി മൂന്നംഗ സമിതിയേയും നിയമിച്ചു. സീനിയർ അസിസ്റ്റന്റ് രജിസ്ട്രാർ ടി.കെ രവീന്ദ്രൻ, സീനിയർ ഇൻസ്പെക്ടർമാരായ എ.എം വിനോദ്, കെ.കെ പ്രമോദ് എന്നിവർ അംഗങ്ങളായ കമ്മിറ്റിക്കാണ് ചുമതല നൽകിയിരിക്കുന്നത്. ഭരണചുമതല മുഴുവൻ കമ്മിറ്റിക്ക് കൈമാറി.
തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂർ ബാങ്കിലെ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സഹകരണ രജിസ്ട്രാർ നേരത്തെ പിരിച്ചുവിട്ടിരുന്നു. ഭരണസമിതിക്കും തട്ടിപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നെന്നത് കണക്കിലെടുത്താണ് കെ.കെ ദിവാകരൻ പ്രസിഡന്റായ ഭരണസമിതി ജില്ലാ രജിസ്ട്രാർ പിരിച്ചുവിട്ടത്. മുകുന്ദപുരം അസിസ്റ്റന്റ് റജിസ്ട്രാറാണ് എം.സി അജിത്തിനെ കരുവന്നൂർ ബാങ്ക് അഡ്മിനിസ്ട്രേറ്ററായി ചുമതലപ്പെടുത്തിയത്.