തൃശ്ശൂര്‍ : തട്ടിപ്പ് നടന്ന കരുവന്നൂര്‍ ബാങ്കില്‍ സഹകരണ ചട്ടം മറികടന്ന് വ്യാപകമായി അനധികൃത ഇടപാടുകള്‍ നടന്നെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. ഭരണ സമിതി നിയമം മറികടന്ന് പുതുതലമുറ ബാങ്കുകളുമായി ഇടപാട് നടത്തി. 2012 മുതല്‍ ഇത്തരത്തില്‍ കോടികളുടെ ഇടപാടാണ് നടന്നതെന്ന് 2019 ല്‍ നടത്തിയ ഓഡിറ്റില്‍ കണ്ടെത്തി.
സഹകരണ നിയമപ്രകാരം പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ജില്ലാ സഹകരണ ബാങ്കുമായിട്ടെ ഇടപാട് നടത്താനാകൂ. മറ്റ് ബാങ്കുകളുമായി ഇടപാട് നടത്തണമെങ്കില്‍ സഹകരണ രജിസ്ട്രാറുടെ പ്രത്യേക അനുമതി വേണം. ഈ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി മൂന്ന് പുതുതലമുറ ബാങ്കുകളുമായും ഒരു ഷെഡ്യൂള്‍ഡ് ബാങ്കുമായും 2012 മുതല്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് ഇടപാടുകള്‍ തുടങ്ങി. ഇങ്ങനെ കോടികളുടെ ക്രയ വിക്രയമാണ് നടന്നതെന്ന് 2019 ലെ ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു.
പ്രവൃത്തി ദിവസങ്ങളില്‍ ബാങ്കില്‍ വരുന്ന തുക നിശ്ചിത ശതമാനം സൂക്ഷിച്ച് ബാക്കി ഓരോ ദിവസവും ജില്ലാ ബാങ്കില്‍ അടയ്ക്കണമെന്ന വ്യവസ്ഥയും ലംഘിച്ചു. മിക്ക ദിവസങ്ങളിലും ബാങ്ക് ക്യാഷ് ബുക്ക് പ്രകാരമുള്ള നീക്കിയിരിപ്പ് തുക നിയമപ്രകാരം അനുവദിച്ചിട്ടുള്ളതിനേക്കാള്‍ കൂടുതലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജീവനക്കാരുടെ പ്രായം കുറച്ച് കാണിച്ച് ജോലിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും സംശയമുള്ളതായി ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. അതേസമയം അമിത പലിശ ലാഭം പ്രതീക്ഷിച്ച് കാരമുക്കിലെ സ്കൂളും ഒരു കോടി കരുവന്നൂര് ബാങ്കിലിട്ടു. അമിത ലാഭം കൊതിച്ച് ബാങ്കിന്റെ പ്രവര്‍ത്തന മേഖലയ്ക്ക് പുറത്തുള്ള സ്കൂളാണ് നിക്ഷേപം നടത്തി പണം കിട്ടാതെ കുടുങ്ങിയത്.