തൃശൂര്‍ : നൂറ് കോടിയിലധികം രൂപയുടെ വായ്പാക്രമക്കേട് കണ്ടെത്തിയ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഇല്ലാത്ത നിക്ഷേപവും പലിശയും കാണിച്ച് 33.7 കോടിയുടെ ഓവര്‍ഡ്രാഫ്റ്റ് വായ്പയെടുത്തു. 2019-20 ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. ഓവര്‍ഡ്രാഫ്റ്റ് വായ്പകള്‍ പ്രതിവര്‍ഷം പുതുക്കണമെന്നാണ് ചട്ടം. എന്നാല്‍ 10 വര്‍ഷത്തേക്ക് നല്കി ചട്ടലംഘനവും നടത്തി. വ്യാജ നിക്ഷേപവും ഇല്ലാത്ത വായ്പയും പലിശയും കാണിച്ചാണ് തുക തട്ടിയെടുത്തത്. ഓവര്‍ഡ്രാഫ്റ്റ് വായ്പയിനത്തില്‍ ബാങ്കിന് ലഭിക്കേണ്ട പലിശത്തുക നിക്ഷേപമായും ആ തുക വായ്പ അനുവദിച്ചതായുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഓവര്ഡ്രാഫ്റ്റിനത്തില് പലിശയുമില്ല. ഇതിനുള്ള നിക്ഷേപവും വായ്പയുമില്ല. വെറും കടലാസ് രേഖകള്‍ മാത്രം. പലിശയിനത്തില്‍ ലഭിക്കേണ്ട, എന്നാല്‍ ലഭിക്കുന്നില്ലാത്ത തുക നിക്ഷേപമായി കാണിച്ച് അത് തുല്യമാക്കുന്നതിനാണ് വായ്പ അനുവദിച്ചതായി കാണിക്കുന്നത്. ഈ ഇനത്തില്‍ മാത്രം 2020 സാമ്പത്തിക വര്‍ഷത്തില്‍ 33.7 കോടിയുടെ തിരിമറി നടന്നെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
ഇതിലൂടെ ബാങ്കിന്റെ നിക്ഷേപത്തിലും വായ്പയിലും വര്‍ധനവുണ്ടായതായി കാണിച്ച് വ്യാജ വളര്‍ച്ച ഉണ്ടാക്കുകയാണ് ചെയ്തത്. ഓവര്‍ഡ്രാഫ്റ്റിന് കൃത്യമായി പലിശ കിട്ടുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത് വ്യാജമായിട്ടാണ്. വ്യാജ വായ്പകളും പലിശകളും കാണിച്ച് 2019 നേക്കാള്‍ 2020 ല്‍ ബാങ്കിന് ലഭിക്കാനുള്ള വായ്പാകുടിശ്ശികയില് 100 ശതമാനത്തിലധികമാണ് വര്‍ധനവുണ്ടായത്.
2020 ല്‍ വായ്പാകുടിശ്ശിക 34.93 ശതമാനവും വായ്പാ പലിശകുടിശ്ശിക 52.2 ശതമാനവുമാണ്. സര്‍വ മേഖലകളിലും വ്യാപക ക്രമക്കേടുണ്ടായതിലൂടെ ബാങ്കിന്റെ നഷ്ടം 2019 ല്‍ 13.73 കോടിയായിരുന്നത് 2020 ല്‍ 42.13 കോടിയായി വര്‍ധിച്ചു. ബാങ്കിന്റെ നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കുന്ന വിധത്തിലുള്ള ഗുരുതര ക്രമക്കേട് ജീവനക്കാരില്‍ മാത്രമായി ഒതുക്കാനാവില്ലെന്നും ഭരണസമിതിക്കും ഉത്തരവാദിത്തമുണ്ടെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.