തിരുവനന്തപുരം : കാര്യവട്ടം ഗവൺമെൻറ് കോളേജില്‍ പ്രിന്‍സിപ്പലിനെ എസ്എഫ്‌ഐക്കാര്‍ ഒരു മണിക്കൂറോളം മുറിയില്‍ പൂട്ടിയിട്ടു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പോലീസിനെ ക്യാംമ്പസിലെ പ്രധാന ഗേറ്റ് പൂട്ടി തടയാനും ശ്രമമുണ്ടായി. കോഴ്‌സ് പൂര്‍ത്തിയാക്കിയ എസ്എഫ്‌ഐ നേതാവിനു വീണ്ടും അതേ കോഴ്‌സിനു പ്രവേശനം നല്‍കണമെന്ന സംഘടനയുടെ ആവശ്യം പ്രിന്‍സിപ്പല്‍ നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. നേതാവിനെ വീണ്ടും കോളേജില്‍ പഠിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ വൈകീട്ടോടെ പ്രിന്‍സിപ്പലിനെ കണ്ടെങ്കിലും അനുകൂല നടപടിയുണ്ടായില്ല.
നേതാവിന്റെ ഡിഗ്രി കോഴ്‌സ് കഴിഞ്ഞ വര്‍ഷം അവസാനിച്ചിരുന്നു. ചില വിഷയങ്ങള്‍ എഴുതി എടുക്കാനുണ്ട്. ഈ സാഹചര്യത്തില്‍ വീണ്ടും കോഴ്‌സിനു പ്രവേശനം നല്‍കാനാകില്ലെന്നു പ്രിന്‍സിപ്പല്‍ നിലപാടെടുത്തു. തുടര്‍ന്ന് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്റെ മുറിപൂട്ടിയശേഷം പുറത്തിറങ്ങി മുദ്രാവാക്യം വിളിച്ചു. പോലീസ് വാഹനത്തെ അകത്തു പ്രവേശിപ്പിക്കാതിരിക്കാനും ശ്രമമുണ്ടായി. പോലീസ് ബലം പ്രയോഗിച്ച് കോളേജിനുള്ളിലേക്കു കടന്ന് പ്രിന്‍സിപ്പലിനെ മോചിപ്പിച്ചു. ഇതിനിടെ പോലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലീസ് ലാത്തി വീശി. പ്രതിഷേധിച്ചവരെ അറസ്റ്റു ചെയ്തു നീക്കി. സംഘര്‍ഷത്തില്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള 4 പോലീസുകാര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി.