തിരുവനന്തപുരം: കെ.എ.എസ് പരീക്ഷയുടെ മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകള്‍ സെര്‍വറില്‍ നിന്ന് നഷ്‌ടമായ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടത്. പിന്‍വാതില്‍ നിയമനങ്ങളെ കുറിച്ചും പി.എസ്.സി പരീക്ഷാ തട്ടിപ്പുകളെ കുറിച്ചുമെല്ലാം ഭയാശങ്കകള്‍ ഇപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇത് പരീക്ഷ എഴുതിയവരില്‍ മാത്രമല്ല ആകെ കേരളസമൂഹത്തിനും ആശങ്കയുണര്‍ത്തുന്നതാണ്.
ഉത്തരവാദിത്വത്തോടെ ചെയ്യേണ്ട ജോലി ലാഘവത്തോടെ ചെയ്‌തതുകൊണ്ട് ഉണ്ടായ വീഴ്‌ചയാണോ അട്ടിമറിശ്രമമാണോ ഇതെന്നെല്ലാം പരിശോധിക്കണം. സംഭവത്തില്‍ കൃത്യമായ പക്ഷപാത രഹിതമായ കര്‍ശനമായ നടപടി ഉണ്ടാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.