തിരുവനന്തപുരം : കെ.എ.എസ് മൂന്നാം സ്ട്രീമിലേക്ക് ഗസറ്റഡ് റാങ്കിലുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ ഒഴിവാക്കി പ്രാഥമിക ഫലം പ്രസിദ്ധീകരിക്കാനുള്ള പി.എസ്.സി നീക്കം വിവാദത്തിലേക്ക്. സീനിയര്‍ അധ്യാപകരെ പരീക്ഷ എഴുതാന്‍ വിലക്കിയ നിയമഭേദഗതി ഭരണഘടനവിരുദ്ധമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചിട്ടും ഈ ചട്ടം നിലനിര്‍ത്തി ഫലം പ്രസിദ്ധീകരിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ തുടര്‍നടപടി സ്വീകരിക്കുമെന്നും ഹർജിക്കാര്‍ അറിയിച്ചു.
ജൂനിയര്‍ അധ്യാപകര്‍ക്ക് രണ്ടാം സ്ട്രീം പരീക്ഷ എഴുതാന്‍ അവസരം നല്കുമ്പോള് തന്നെ ഗസറ്റഡ് റാങ്കിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കും മൂന്നാം സ്ട്രീമിലേക്ക് പരീക്ഷയെഴുതാന്‍ അര്‍ഹതയുണ്ടെന്നായിരുന്നു ഹൈക്കോടതി വിധി. വിധിയുടെ പശ്ചാത്തലത്തില്‍ തങ്ങള്‍ക്കായി പി.എസ്.സി വീണ്ടും പരീക്ഷ നടത്തുമെന്ന വിശ്വാസത്തിലായിരുന്നു ഇവര്‍. എന്നാല്‍, വിധി അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കിയാല്‍ മതിയെന്നാണ് പി.എസ്.സി നിലപാട്.
ഹർജിക്കാര്‍ക്കായി പുതിയ പരീക്ഷ നടത്തണമെന്ന് വിധിയില്‍ പറയുന്നില്ലെന്നും അപേക്ഷിച്ച എല്ലാ ഗസറ്റഡ് അധ്യാപകരെയും വ്യവസ്ഥകള്‍ക്ക് വിധേയമായി പരീക്ഷ എഴുതാന്‍ അനുവദിച്ചിട്ടുണ്ടെന്നുമാണ് കമ്മീഷന് യോഗത്തില്‍ ചെയര്മാന് എം.കെ. സക്കീര്‍ വിശദീകരിച്ചത്. എന്നാല്‍, മൂന്നാം സ്ട്രീമിലേക്ക് ഗസറ്റഡ് അധ്യാപകരാരും പരീക്ഷ എഴുതിയിട്ടില്ലെന്ന് ഹർജിക്കാര്‍ക്കുവേണ്ടി ഹാജരായ പി.എസ്.സി മുന്‍ പരീക്ഷ കണ്ട്രോളര് അഡ്വ. മരുതംകുഴി സതീഷ്കുമാര്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ക്ക് മൂന്നാം സ്ട്രീമിലേക്ക് അപേക്ഷിക്കാന്‍ കഴിയില്ലെന്ന ചട്ടം നിലനിന്നതിനാല്‍ പലര്‍ക്കും അപേക്ഷിക്കാന്‍ കഴിഞ്ഞില്ല. അപേക്ഷിച്ചവര്‍ക്കാകട്ടെ, വകുപ്പ് തല സര്‍ട്ടിഫിക്കറ്റ് നല്കാത്തതിനാല് തള്ളിപ്പോയി.
ഹൈക്കോടതി വിധി മാനിക്കാതെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനുള്ള തീരുമാനത്തില്‍ പി.എസ്.സി അംഗങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകണമെന്നും അതുവരെ ഫലം പുറത്തുവിടരുതെന്നുമാണ് ഒരുവിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍, ഈ വാദം ചെയര്മാനടക്കമുള്ളവര് അംഗീകരിച്ചില്ല. ആഗസ്റ്റില്‍ പ്രിലിമിനറി ഫലം പ്രസിദ്ധീകരിച്ച് തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി 5,000 പേരുടെ മുഖ്യപരീക്ഷ നടത്താനാണ് തീരുമാനം.