കാസര്‍ഗോഡ്: ഉദ്ഘാടനം നടത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാസര്‍ഗോഡ് ജില്ലയിലെ കൊവിഡ് ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയില്ല. ജീവനക്കാരുടെ നിയമനം സംബന്ധിച്ച് തീരുമാനമുണ്ടാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. രോഗ വ്യാപനം രൂക്ഷമാകുമ്പോള്‍ വീണ്ടും ജനറല്‍ ആശുപത്രിയെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റേണ്ട സാഹചര്യമാണ് നിലവില്‍ ജില്ലയിലുള്ളത്.
അഞ്ച് മാസം മുന്‍പ് ടാറ്റാ അധികൃതര്‍ തെക്കില്‍ വില്ലേജില്‍ കൊവിഡ് ആശുപത്രിയുടെ നിര്‍മാണം തുടങ്ങുമ്പോള്‍ കാസര്‍ഗോഡിന്റെ പ്രതീക്ഷകള്‍ ഏറെയായിരുന്നു. മൂന്നു മാസം കൊണ്ട് പണി പൂര്‍ത്തിയാകുമെന്ന ലക്ഷ്യത്തിലാണ് കൊവിഡ് ആശുപത്രിയുടെ നിര്‍മാണം ടാറ്റ ആരംഭിച്ചത്.
ആശുപത്രി പ്രഖ്യാപനം നടത്തുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രിയും ഇതു തന്നെയായിരുന്നു വ്യക്തമാക്കിയത്. പ്രതിസന്ധികള്‍ക്കിടയില്‍ നിന്ന് നിര്‍മാണം പൂര്‍ത്തിയാക്കി ടാറ്റ അധികൃതര്‍ മടങ്ങിയെങ്ങിലും ആശുപത്രി പ്രവര്‍ത്തനം ഇനിയും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല.