കാസര്‍ഗോഡ്: കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്ന് രോഗിയെ സ്ട്രക്ചറില്‍ ചുമന്ന് ആറാം നിലയില്‍ നിന്ന് താഴെയിറക്കി. ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്ന് നഗരത്തിലെ ചുമട്ട് തൊഴിലാളികളാണ് രോഗിയെ ചുമന്ന് താഴെ എത്തിച്ചത്. ആശുപത്രിയിലെ രണ്ട് ലിഫ്റ്റുകളും തകരാറിലായിട്ട് ഒരു മാസത്തോളമായി. ഓട്ടോ ഡ്രൈവറായ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തിട്ടും ലിഫ്റ്റ് ശരിയാക്കുമെന്ന് പ്രതീക്ഷിച്ച് രണ്ട് ദിവസങ്ങള്‍ കൂടി കാത്ത് നിന്നു. എന്നിട്ടും മാറ്റമില്ലാതെ വന്നതോടെ ചുമട്ട് തൊഴിലാളികളുടെ സഹായം തേടുകയായിരുന്നു.
ഒരാഴ്ച മുമ്പ് ഒരു മൃതദേഹം ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്ന് താഴെ എത്തിച്ചതും ചുമട്ട് തൊഴിലാളികളുടെ സഹായത്തോടെയാണ്. രണ്ട് ലിഫ്റ്റുകളും തകരാറിലായതോടെ ഏഴ് നിലകളിലുള്ള ആശുപത്രിയിലെ വാര്‍ഡുകളിലേക്കും തീവ്രപരിചരണ വിഭാഗം, ലേബര്‍, ശസ്ത്രക്രിയാ മുറികള്‍ എന്നിവയിലേക്കു എത്തണമെങ്കില്‍ പടികള്‍ കയറി പോകേണ്ട അവസ്ഥയാണ്.





























