കാസര്‍കോട് : വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീം കഴിച്ച് മരിച്ച പതിനാറുകാരി ആന്‍മേരിയുടേത് കൊലപാതകമെന്ന് പോലീസ്. സഹോദരന്‍ ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി നല്‍കുകയായിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
സഹോദരന്‍ ആല്‍ബിന്‍ ഐസ് ക്രീമില്‍ വിഷം കലര്‍ത്തി ആന്‍മേരിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. ശര്‍ദ്ദിയും വയറിളക്കവും ബാധിച്ചതിനെത്തുടര്‍ന്നാണ് ആന്‍മേരിയെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കുട്ടിക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും നിലഗുരുതരമാകുകയുമായിരുന്നു. ആഗസ്റ്റ് അഞ്ചിന് ആന്‍മേരി മരിച്ചു. പിന്നാലെ ആഗസ്റ്റ് ആറിന് അച്ഛനും പിന്നീട് അമ്മയ്ക്കും ഛര്‍ദ്ദിയും ദേഹാസ്വാസ്ത്യവും അനുഭവപ്പെട്ടു. മൂവരും കഴിച്ച ഐസ്ക്രീമില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. സഹോദരന്‍ ആല്‍ബിന്‍ തനിക്കും ഭക്ഷ്യവിഷബാധയേറ്റതായി പറഞ്ഞെങ്കിലും മെഡിക്കല്‍ പരിശോധനയില്‍ ഇയാള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതാണ് കേസില്‍ നിര്‍ണായകമായത്.
കുടുംബത്തിലെ ഒരാള്‍ക്ക് മാത്രം ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നത് ഡോക്ടര്‍മാരില്‍ സംശയം ജനിപ്പിച്ചു. തുടര്‍ന്ന് ആല്‍ബിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അച്ഛനും അമ്മയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അച്ഛന്‍ ബെന്നിയുടെ നില അതീവഗുരുതരമാണ്. രഹസ്യ ബന്ധങ്ങള്‍ തുടരുന്നതിന് കുടുംബം തടസമെന്ന തോന്നലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സഹോദരന്‍ ആല്‍ബില്‍ വെള്ളരിക്കുണ്ട് പോലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.