കാസര്‍ഗോഡ്: 4 ദിവസം കൊണ്ട് കൊവിഡ് 19 സ്പെഷ്യാലിറ്റി ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം യാഥാര്‍ഥ്യമാകുന്നു. കേരളത്തില്‍ ഏറ്റവുമധികം കോവിഡ് 19 രോഗികള്‍ ഉള്ളതിനാലാണ് കാസര്‍ഗോഡ് പ്രത്യേക ആശുപത്രി സജ്ജീകരിക്കുന്നത്. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനായി പണിപൂര്‍ത്തിയാകുന്ന കെട്ടിടസമുച്ചയങ്ങളില്‍ ഒരു ഭാഗമാണ് കോവിഡ് 19 ആശുപത്രിയാക്കി മാറ്റുന്നത്.
പുതിയ ആശുപത്രിയില്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 26 അംഗ സംഘം കാസര്‍ഗോഡ് എത്തിയിട്ടുണ്ട്. അടുത്ത ദിവസം മുതല്‍ തന്നെ ആശുപത്രി പ്രവര്‍ത്തിച്ചു തുടങ്ങും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിതവിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ് സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കാസര്‍ഗോഡ് എത്തിയത്. ഞായറാഴ്ച രാവിലെ സെക്രട്ടേറിയറ്റ് പരിസരത്തു നിന്ന് ആരോഗ്യമന്ത്രി ഉള്‍പ്പടെയുള്ളവരാണ് സംഘത്തെ യാത്രയാക്കിയത്.
കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയുമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നുള്ള സംഘത്തിന്‍റെ ചുമതല. 200 കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡുകളും 20 തീവ്രപരിചരണ വിഭാഗങ്ങളുമാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ഏഴുകോടി രൂപ ചെലവിട്ടാണ് കോവിഡ് 19 ആശുപത്രി സജ്ജമാക്കുന്നത്. ഇന്ന്‍ മുതല്‍ കൊവിഡ് 19 രോഗ ബാധിതരെ പ്രവേശിപ്പിച്ചു തുടങ്ങും.