കാസര്‍കോട് : മണിചെയിന്‍ കമ്പിനിയുടെ പേരില്‍ കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ടുപേരെക്കൂടി പിടികൂടി. ഇതോടെ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം മൂന്നായി. കോഴിക്കോട് കുറുവാട്ടൂര്‍ സ്വദേശി എം കെ ഹൈദരലി (44), കൊറക്കാട്ടേരി സ്വദേശി എം കെ ഷാജി (41) എന്നിവരെയാണ് കാസര്‍കോട് ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കാസര്‍കോട് ജുഡീഷ്യല്‍ മഡിസ്ട്രേട്ട് കോടതി- 2ല്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളിലൊരാളായ എം കെ ഹൈദരലിക്ക് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ഗുരുവനത്തുള്ള സിഎഫ്‌എല്‍ടിസിയിലേക്ക് മാറ്റി. കഴിഞ്ഞദിവസം മണിചെയിന്‍ കമ്പിനിയുടെ ഏജന്റും പ്രധാന സൂത്രധാരനുമായ മഞ്ചേശ്വരം ഉദ്യാവറിലെ ജാവേദിനെ (28)യും ഡിവെെഎസ്പിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തിരുന്നു. ഇയാളും റിമാന്‍ഡിലാണ്.
കമ്പിനിയുടെ മാനേജിങ് ഡയറക്ടറായ മലപ്പുറം സ്വദേശി സി എം ഫൈസലിനെ പിടികിട്ടാനുണ്ട്. ഗള്‍ഫിലുള്ള ഇയാളെ പിടികൂടാനായാല്‍ മാത്രമേ തട്ടിപ്പിന്റെ ആഴം കൃത്യമായി മനസിലാക്കാനാകൂവെന്ന് ഡിവൈഎസ്പി പറഞ്ഞു. തട്ടിപ്പിനിരയായ ഹൊസങ്കടി മൊറത്താനയിലെ മുഹമ്മദ് ഷഫീഖിന്റെ പരാതിയിലാണ് അറസ്റ്റ്. തട്ടിപ്പിനിരയായ ആയിരത്തോളംപേര്‍ പരാതികളുമായി എത്തിയിട്ടുണ്ട്. നിലവില്‍ ഒരാളുടെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
മൈ ക്ലബ് ട്രേഡേഴ്സ് എന്നപേരില്‍ മലേഷ്യന്‍ കമ്പിനി സ്കീം എന്ന് വിശ്വസിപ്പിച്ച് കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് സ്വീകരിച്ചത്. വാര്‍ഷിക പ്രതിഫലം 250 ശതമാനംവരെ വര്‍ധിക്കുമെന്നാണ് കമ്പിനി നല്‍കിയ വാഗ്ദാനം. 2018ല്‍ കമ്പിനി തുടങ്ങിയപ്പോള്‍ ആദ്യം ചേര്‍ന്നവര്‍ക്ക് ഈ തുക നല്‍കിയാണ് മറ്റുള്ളവരുടെ വിശ്വാസമാര്‍ജിച്ചത്. കമ്പിനിക്ക് അംഗീകാരമുണ്ടെന്ന് വരുത്താനായി കോഴിക്കോട് ആസ്ഥാനമായി പ്രിന്‍സ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് എന്നപേരില്‍ രജിസ്ട്രേഷനും സ്വീകരിച്ചു. കോഴിക്കോട് ഓഫീസും തുറന്നു. നിലവില്‍ കാസര്‍കോട് ചെര്‍ക്കളയിലും വടകര കരിമ്പനപ്പാലത്തും പ്രിന്‍സ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ കെട്ടിനിര്‍മാണം നടന്നുവരുന്നുണ്ട്. കോടികള്‍ മുതല്‍ മുടക്കിയാണ് ഇവയുടെ നിര്‍മാണം.
നിക്ഷേപിക്കുന്ന തുകയ്ക്ക് ദിവസം ഒരു ശതമാനം വീതം പലിശ നല്‍കുമെന്ന വ്യവസ്ഥയാണ് നിക്ഷേപകരെ ആകര്‍ഷിച്ചത്. മഞ്ചേശ്വരത്ത് രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാളില്‍നിന്നാണ് മണി ചെയിന്‍ തട്ടിപ്പ് കമ്പിനിയെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി തട്ടിപ്പിന്റെ കണ്ണികളുണ്ട്. 47 കോടി രൂപയുടെ തട്ടിപ്പിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സമഗ്രമായ അന്വേഷണത്തിലൂടെ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍കൂടിയായ ഡിവൈഎസ് പി പി സദാനന്ദന്‍ പറഞ്ഞു.
പ്രതികളെ പിടികൂടിയ സംഘത്തില്‍ ഡിവൈഎസ്പിക്ക് പുറമെ ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്‌ഐ സി കെ ബാലകൃഷ്ണന്‍ നായര്‍, എസ്‌ഐ കെ നാരായണന്‍, എഎസ്‌ഐ ലക്ഷ്മിനാരായണന്‍, ഓസ്റ്റിന്‍ തമ്ബി, ജെ ഷാജിഷ്, എന്‍ രാജേഷ്, പി ശശികുമാര്‍ എന്നിവരുമുണ്ടായിരുന്നു.