പത്തനംതിട്ട : കസ്തൂർബ്ബ ഗാന്ധിയെ മാതൃകയാക്കി അമ്മമാരും യുവതികളും അക്രമത്തിനും ലഹരിക്കുമെതിരായി ശക്തമായ നിലപാട് എടുക്കണമെന്ന് കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രജനി പ്രദീപ്. കേരളാ പ്രദേശ് കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി കസ്തൂർബ്ബ ഗാന്ധി ജന്മദിനാചരണ പരിപാടികൾ ഇലന്തൂർ ബാലിക ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രജനി. കസ്തൂർബ്ബ ഗാന്ധി ദർശൻ സംസ്ഥാന സമിതി അംഗം എലിസബത്ത് അബു മുഖ്യ പ്രഭാഷണം നടത്തി. കുട്ടികൾ സാമൂഹ്യ പ്രതിബന്ധത ഉള്ളവരും മുതിർന്നവരേയും മാതാപിതാക്കളേയും ഗുരുക്കൻമാരേയും ബഹുമാനിക്കുന്നവരുമായാൽ ഇന്നത്തെ പല സാമൂഹ്യ ദുരന്തങ്ങളും ഒഴിവാക്കാമെന്നും എലിസബത്ത് പറഞ്ഞു.
ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി കുട്ടികൾക്ക് “കഥയും കളിയും കാര്യവും”എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. യോഗത്തിൽ കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർപേഴ്സൺ ലീലാ രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.ഷെറിൻ എം തോമസ്, ജില്ലാ വൈസ് ചെയർ പേഴ്സൺമാരായ മേഴ്സി ശാമുവേൽ, ഉഷാ തോമസ്, ജില്ലാ കൺവീനർ ശ്രീകലാ റെജി, കെ.പി.ജി.ഡി.ആറൻമുള നിയോജക മണ്ഡലം ചെയർമാൻ എം.റ്റി.ശാമുവേൽ, ബാലികാ സദനം മേഡ്രൻ അച്ചാമ്മ മാത്യു, ഗാന്ധി ദർശൻ വേദി ജില്ലാ നിർവാഹക സമിതി അംഗം സുധ പത്മകുമാർ എന്നിവർ പ്രസംഗിച്ചു.