കൊച്ചി : മുഖ്യമന്ത്രിയുടെ ഓഫീസിലുള്‍പ്പെടെ പ്രധാന നിയമനങ്ങളില്‍ പാര്‍ട്ടിയെ അവഗണിക്കുന്നുവെന്ന് ആക്ഷേപം. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ (കെഎടി) ചെയര്‍മാന്‍ നിയമനത്തിലും പാര്‍ട്ടിക്ക് ബന്ധമില്ലാത്തവരെ പ്രധാന സ്ഥാനങ്ങളില്‍ നിയോഗിക്കുന്നുവെന്നാണ് ആരോപണം. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ചെയര്‍മാനെ നിയോഗിക്കുന്ന കാര്യത്തില്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. അതിനിടെയാണ് രാഷ്ട്രീയ വിവാദമുയരുന്നത്.
പിണറായി സര്‍ക്കാര്‍ നിയമിക്കാനുദ്ദേശിച്ചിരിക്കുന്ന ഒരു മുന്‍ ഹൈക്കോടതി ജഡ്ജിക്കെതിരേ ‘അയോഗ്യത’ തെളിവുകള്‍ ബന്ധപ്പെട്ട വേദികളില്‍ ചിലര്‍ എത്തിച്ചുകഴിഞ്ഞു. കെഎടിയുടെ അധ്യക്ഷനായി പിണറായി സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നയാളിന്റെ പഴയകാല രാഷ്ട്രീയമാണ് ചര്‍ച്ചയായത്. ഇദ്ദേഹത്തിന്റെ ഔദ്യോഗിക കാലത്തെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ ഉന്നതതലത്തില്‍ അവര്‍ എത്തിച്ചുകഴിഞ്ഞു. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച്, വര്‍ഷങ്ങളായി മറ്റ് പദവികള്‍ ഒന്നും ലഭിക്കാത്ത നിരവധി പേര്‍ സിപിഎമ്മില്‍ത്തന്നെയുള്ളപ്പോള്‍ കോണ്‍ഗ്രസ് പശ്ചാത്തലമുള്ളയാള്‍ക്ക് പദവി നല്‍കുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നയാള്‍ കെഎസ്യുവിലും കോണ്‍ഗ്രസിലുമായിരുന്നു. പഞ്ചായത്തു തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയംഗമായ ജനപ്രതിനിധിയുമായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒരു ന്യായാധിപന്റെ അടുത്ത ബന്ധുവിന്റെ പങ്കും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. കൊല്‍ക്കത്ത കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകന്‍ ഇദ്ദേഹത്തിന്റെ ബന്ധുവാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. വിദേശത്ത് പിടിയിലായ ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരും.
കള്ളപ്പണ ഇടപാട്, ഹവാല, കള്ളനോട്ട്, സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ ഈ ന്യായാധിപന്‍ നടത്തിയ ഇടപെടലുകളും ഇദ്ദേഹം പുറപ്പെടുവിച്ച ഉത്തരവുകളുടെ സ്വഭാവവും പരിശോധിച്ചേക്കുമെന്നാണ് സൂചനകള്‍. ഹൈക്കോടതി അഭിഭാഷകര്‍ക്കിടയില്‍ ഈ അഭിഭാഷകനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെട്ട ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളും അന്വേഷണ ഏജന്‍സി പരിശോധിക്കും. ട്രസ്റ്റിന്റെ വിദേശ സഹായത്തെക്കുറിച്ചും അന്വേഷണമുണ്ടാകും.