പത്തനംതിട്ട : പത്തുനാൾ നീളുന്ന കടമ്മനിട്ട പടയണിക്ക് തുടക്കം കുറിച്ച് ഓലച്ചൂട്ടിലേക്ക് അഗ്നി പകർന്നു. ഭക്തിനിർഭരമായ പടയണികളത്തിൽ ദിവസങ്ങളോളം കരദേവതയുടെ മുന്നിൽ കോലങ്ങൾ കളം നിറഞ്ഞാടും. തിങ്കളാഴ്ച നടന്ന ചൂട്ടുവെപ്പിനുള്ള ചൂട്ട്, നാളികേരം, അക്ഷതം എന്നിവ പാരമ്പര്യ അവകാശികളായ ഐക്കാട്ട് കുടുംബക്കാർ കാവിൽ എത്തിച്ചു. രാത്രി ഒമ്പതിന് ക്ഷേത്ര മേൽശാന്തി ബി.കെ. ഉണ്ണികൃഷ്ണൻ നമ്പൂതിരി ശ്രീകോവിലിൽനിന്നു ചൂട്ടുകറ്റയിലേക്ക് അഗ്നിപകർന്ന് പടയണി ആശാൻ കടമ്മനിട്ട പ്രസന്നകുമാറിന് എത്തിച്ചുനൽകി. ആശാൻ ഏറ്റുവാങ്ങി പിന്നോട്ടിറങ്ങി കളത്തിലെ കല്ലിൽ വെച്ചു.
തുടർന്ന് പടയണി ആശാൻ പച്ചത്തപ്പ് കൊട്ടിവിളിച്ച് ഭഗവതിയെ കളത്തിലേക്കിറക്കി. ഐക്കാട്ട് കുടുംബക്കാരണവർ രാധാകൃഷ്ണകുറുപ്പ് തേങ്ങ മുറിച്ച് അതിൽ തുളസി പൂവും അക്ഷതവും ഇട്ടു. മേൽശാന്തി രാശി നോക്കി പത്തുനാൾ നീളുന്ന പടയണിക്കാലത്തിന്റെ ഫലം പറഞ്ഞു. മൂന്നാം ദിവസമായ ബുധനാഴ്ച പച്ചത്തപ്പിൽനിന്നും കാച്ചിമുറുക്കിയ തപ്പിലേക്കും പഞ്ചവർണത്തിലേക്കും മാറി പാളക്കോലങ്ങളുടെ എഴുതിത്തുള്ളൽ തുടങ്ങി. രാത്രി 11 മുതലാണ് പടയണി. പത്താമുദയദിനമായ 23ന് പകൽപടയണിയും കൊട്ടിക്കയറ്റും നടക്കും. അതോടെ മധ്യതിരുവിതാംകൂറിന്റെ പടയണിക്കാലം കടമ്മനിട്ടക്കാവിൽ സമാപിക്കും.