കോട്ടയം : തിരുവനന്തപുരം കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ ജീവനക്കാര്‍ അച്ഛനെയും മകളെയും മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കെഎസ്‍ആര്‍ടിസിക്ക് നല്‍കിയ പരസ്യം പിന്‍വലിച്ച് ജുവലറി ഉടമ. കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന ജുവലറിയുടെ പരസ്യമാണ് ഉടമ പിന്‍വലിച്ചതായി അറിയിച്ചത്. പ്രതിമാസം നല്‍കിയിരുന്ന 1.86 ലക്ഷം രൂപയുടെ പരസ്യമാണ് പിന്‍വലിച്ചത്.
ഇതുസംബന്ധിച്ച് എം.ഡി.ക്ക് കത്ത് നല്‍കി. മര്‍ദനമേറ്റ കുച്ചപ്പുറം സ്വദേശി പ്രേമന്‍റെമകള്‍ രേഷ്മയ്ക്ക് മൂന്നുവര്‍ഷത്തെ യാത്രാച്ചെലവിനായി 50,000 രൂപയുടെ ചെക്ക് നല്‍കുകയും ചെയ്തു. പൊതുമേഖലാസ്ഥാപനമായ കെ.എസ്.ആര്‍.ടി.സി.യില്‍ നിന്ന് ഇത്തരം പെരുമാറ്റമല്ല ജനം ആഗ്രഹിക്കുന്നതെന്ന് ജുവലറി ഉടമ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ കാട്ടാക്കട കെഎസ്‌ആര്‍ടിസി ഡിപ്പോയിലാണ് സംഭവമുണ്ടായത്. പൂവച്ചല്‍ പഞ്ചായത്ത് ജീവനക്കാരന്‍ ആമച്ചല്‍ ഗ്രീരേഷ്മയില്‍ പ്രേമനാണ് (53) മര്‍ദനമേറ്റത്. മകള്‍ മലയിന്‍കീഴ് മാധവകവി ഗവ.കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായ രേഷ്മയുടെ കണ്‍സഷന്‍ ടിക്കറ്റ് പുതുക്കി വാങ്ങാനെത്തിയതായിരുന്നു പ്രേമന്‍. മകള്‍ രേഷ്മയും സുഹൃത്തും ഒപ്പമുണ്ടായിരുന്നു.