ഇടുക്കി : കഴുത്തില്‍ കുരുക്കിട്ട് ടാറിട്ട റോഡിലൂടെ വലിച്ചു കൊണ്ടു പോയ തെരുവ് നായ ചികിത്സയിലിരിക്കെ ചത്തു. കട്ടപ്പന കൈരളി ജംക്ഷന്‍ സ്വദേശി ഷാബുവാണ് ഇക്കഴിഞ്ഞ ഞായറാഴ്ച്ച തെരുവ് നായയ്ക്കുനേരെ ക്രൂരത കാട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ദൃക്‌സാക്ഷികള്‍ പോലീസില്‍ അറിയിക്കുകയും ചെയ്തതോടെയാണ് ഷാബുവിന് എതിരെ പോലീസ് കേസ് എടുക്കുകയായിരുന്നു.
വടികൊണ്ട് മര്‍ദിച്ചശേഷം നായയെ റോഡിലൂടെ വലിച്ചിഴച്ചെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. തുടര്‍ന്ന് മൃഗങ്ങള്‍ക്ക് എതിരായ ക്രൂരത തടയുന്ന നിയമപ്രകാരം കേസ് എടുത്ത് ഷാബുവിനെ ജാമ്യത്തില്‍ വിട്ടു. പരുക്കേറ്റ നായയ്ക്ക് വെറ്ററിനറി ഡോക്ടര്‍ ചികിത്സ നല്‍കിയശേഷം പരാതിക്കാരനായ സിദ്ധാര്‍ഥ് സുഗതന് സംരക്ഷണ ചുമതല നല്‍കിയിരുന്നു.
അവശ നിലയിലായിരുന്ന നായ ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ ഗ്ലൂക്കോസ് ഉള്‍പ്പെടെ നല്‍കി വരുന്നതിനിടെയാണ് ചത്തത്. പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ജഡം മറവുചെയ്യും. നായ ചത്തതിനാല്‍ ഷാബുവിന് എതിരായ കേസിലെ വകുപ്പില്‍ മാറ്റം വരുമെന്ന് പോലീസ് അറിയിച്ചു.