കോന്നി : യുവതലമുറയെ ലഹരി ഉപയോഗത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനായി നടപ്പാക്കുന്ന യുവ 2021 പദ്ധതിക്ക് തുടക്കം കുറിച്ചു കൊണ്ട് കോന്നിയില്‍ അഡ്വ. കെ യു ജനീഷ് കുമാര്‍ എം എല്‍എയുടെ നേതൃത്വത്തില്‍ നടന്ന യുവജനങ്ങളുടെ ലഹരി വിരുദ്ധ പരേഡ് ശ്രദ്ധേയമായി. കോന്നി നിയോജക മണ്ഡല പരിധിയിലെ യുവജനപ്രതിനിധികള്‍, കായികതാരങ്ങള്‍, യുവജന ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവരും പരേഡില്‍ പങ്കാളികളായി. കായികമാണ് ലഹരി എന്ന മുദ്രാവാക്യവുമായാണ് എംഎല്‍എയ്‌ക്കൊപ്പം യുവജനങ്ങള്‍ പരേഡില്‍ അണിനിരന്നത്.
എലിയറയ്ക്കല്‍ മുതല്‍ ആനക്കൂട് വരെ സംഘടിപ്പിച്ച പരേഡ് റോളര്‍ സ്‌കേറ്റിംഗ് ലോക ചാമ്പ്യന്‍ അഭിജിത്ത് അമല്‍രാജ്, ഏഷ്യന്‍ യൂത്ത് ബോളിബോള്‍ ചാമ്പ്യന്‍ഷിപ് മത്സരാര്‍ഥി ജോബിന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് കോന്നി ആനക്കൂട്ടില്‍ നടന്ന ചടങ്ങില്‍ യുവ 2021 പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. യോഗത്തില്‍ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 60 ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായവും വിതരണം ചെയ്തു. ഓരോ ക്ലബിനും 8000 രൂപ വീതമാണ് നല്‍കിയത്. യുവജനങ്ങളെ കായിക മേഖലയിലേക്ക് തിരികെ കൊണ്ടുവരുകയും അതുവഴി ലഹരി ഉപയോഗത്തില്‍ നിന്ന് യുവതലമുറയെ മോചിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് എം എല്‍എ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി വിവിധ തരത്തിലുള്ള ബോധവല്‍ക്കരണ പരിപാടികളും കായിക മത്സരങ്ങളും സംഘടിപ്പിക്കും. ആദ്യഘട്ടമെന്ന നിലയില്‍ 11 പഞ്ചായത്തിലെയും യുവജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഫെബ്രുവരി അവസാന വാരം കായികമത്സരങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി റ്റി ഈശോ, ബ്ലോക്ക് പഞ്ചായത്തംഗം വര്‍ഗീസ് ബാബു, അരുവാപ്പുലം ഗ്രാമപഞ്ചായത്തംഗം രേഷ്മ മറിയം റോയി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ആര്‍. ശ്രീലേഖ, സങ്കേഷ് ജി നായര്‍, എം. അനീഷ് കുമാര്‍, അജിത് ശാന്തകുമാര്‍, സി. സുമേഷ്, ഗിരീഷ് കലഞ്ഞൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.