തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പോലീസ്, മോട്ടർ വാഹന വകുപ്പ്, പിഡബ്ല്യുഡി, എൻഎച്ച്എഐ എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തും. ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകാനുള്ള ഭാഗങ്ങളിൽ ഗതാഗതം വഴി തിരിച്ചുവിടുന്നതടക്കമുള്ള കാര്യങ്ങൾ കൃത്യമാക്കുകയാണ് ലക്ഷ്യം. ഇതുവരെയുള്ള നിർമാണ പ്രവർത്തനങ്ങളിലെ അപകട സാധ്യതകളും വിലയിരുത്തും. ബുധനാഴ്ച സംഘം കലക്ടർക്ക് റിപ്പോർട്ട് നൽകും. കയ്പമംഗലത്ത് മതിയായ ദിശാസൂചിക സ്ഥാപിക്കാത്തതിന് പുറമേ അരക്കിലോമീറ്റർ മുൻപെങ്കിലും വേഗം കുറയ്ക്കാനുള്ള മുന്നറിയിപ്പ് നൽകുക എന്ന പ്രാഥമിക സുരക്ഷാ സംവിധാനം പാലിച്ചിട്ടില്ലെന്ന് വ്യക്തമായി.
റോഡിൽ അറ്റകുറ്റപ്പണി നടക്കുമ്പോൾ നിർബന്ധമായും ചെയ്യേണ്ട കാര്യമാണിത്. സാധാരണയായി വലിയ റിഫ്ലക്ടറുകൾ വച്ച് വഴി തിരിച്ചുവിടുന്ന ദിശാസൂചിക അടയാളപ്പെടുത്താറുണ്ടെങ്കിൽ ഇവിടെ ചെറിയ റിഫ്ലക്ടർ സ്റ്റിക്കറുകൾ ആണ് ഉപയോഗിച്ചത്. അതാകട്ടെ ലോറി പാർക്ക് ചെയ്തതോടെ മറയുകയും ചെയ്തു. കുറഞ്ഞത് 200 മീറ്റർ മുൻപെങ്കിലും വഴി തിരിച്ചുവിടുന്ന അടയാളം ഡ്രൈവർക്ക് കാണാൻ കഴിയണം. എങ്കിൽ മാത്രമേ വേഗം നിയന്ത്രിച്ച് വാഹനം ഇടതുവശത്തേക്ക് തിരിക്കാൻ കഴിയൂ. നിർമാണ പ്രവൃത്തികൾക്കായി റോഡ് അടച്ച് ഗതാഗതം തിരിച്ചുവിടുമ്പോൾ അവിടെ വാഹനങ്ങളെ നിയന്ത്രിച്ച് കടത്തിവിടാൻ പ്രത്യേകം തൊഴിലാളികളെ നിയോഗിക്കണമെന്ന വ്യവസ്ഥയും കരാറുകാർ പാലിച്ചിട്ടില്ല.































