തൃശൂർ : ദേശീയപാത 66 ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ എട്ട് എൻജിനീയറിങ് വിദ്യാർഥികൾ മരിക്കാനിടയായ സംഭവത്തിൽ ലഹരി ഉപയോഗവും അപകടകാരണമായെന്നു സൂചന. ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ഫൊറൻസിക് പരിശോധനയിലാണു വിദ്യാർഥികൾ മദ്യപിച്ചിരുന്നു എന്നു പ്രാഥമികമായി കണ്ടെത്തിയത്. വിദ്യാർഥികളിൽ ഒരാളായിരുന്നു ഡ്രൈവർ. വിശദ പരിശോധനയ്ക്കായി രക്തസാംപിളുകൾ എറണാകുളം കാക്കനാട്ടെ കെമിക്കൽ എക്സാമിനേഷൻ ലാബിലേക്ക് അയച്ചു. രാസലഹരി ഉപയോഗത്തെക്കുറിച്ചുള്ള പരിശോധനകളും നടത്തുന്നുണ്ട്.
ഫൊറൻസിക് പരിശോധനയിൽ അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗം പേരും മദ്യപിച്ചെന്നു കണ്ടെത്തിയെന്നും എന്നാൽ രക്തത്തിലെ മദ്യത്തിന്റെ സാന്നിധ്യം മാത്രമാണ് അപകട കാരണമെന്ന് അന്തിമമായി പറയാൻ കഴിയില്ലെന്നും മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ.ടി.എസ്. ഹിതേഷ് ശങ്കർ ഫെയ്സ്ബുക്കിൽ കുറിച്ചു.































