ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ വെച്ച് ബലാത്സംഗം ചെയ്ത കേസിൽ വീണ്ടും അറസ്റ്റിൽ. ഉത്തർപ്രദേശിലെ മഥുരയിലാണ് നാടിനെ നടുക്കിയ സംഭവം. സെപ്റ്റംബർ 3നായിരുന്നു 25 വയസ്സുകാരനായ പ്രതി പെൺകുട്ടിയെ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്. ഇരയായ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾക്ക് പുറമെ എസ്‌സി/എസ്ടി (പീഡന നിരോധന) നിയമം, പോക്‌സോ ആക്ട് എന്നിവ ചുമത്തിയാണ് പോലീസ് കേസ്. 2022ൽ സ്വന്തം ഗ്രാമത്തിലെ യുവാവുമായി പ്രതി തർക്കത്തിൽ ഏർപ്പെട്ടു. ആ തർക്കത്തിനിടയിൽ പ്രതി സ്വന്തം കൈവിരലുകൾ ഉപയോഗിച്ച് എതിരാളിയായ യുവാവിന്റെ രണ്ട് കണ്ണുകളും ക്രൂരമായി കുത്തിപ്പൊട്ടിക്കുകയായിരുന്നുവെന്ന് പ്രതിയുടെ കടുത്ത ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ച് വിവരിച്ച മഥുര റൂറൽ എസ്പി സുരേഷ് ചന്ദ്ര റാവത്ത് പറഞ്ഞു.
കേസിൽ ഏതാണ്ട് മൂന്നു വർഷത്തോളം ജയിൽശിക്ഷ അനുഭവിച്ച ശേഷമാണ് പ്രതിക്ക് കോടതിയിൽ നിന്നും ജാമ്യം ലഭിച്ചത്. ജാമ്യത്തിലിറങ്ങിയയ പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലക്ഷ്യം വെച്ച് ക്രൂരമായ അതിക്രമം നടത്തുകയായിരുന്നു.






























