ടെഹ്‌റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ, നാലുമാസത്തെ രഹസ്യദൗത്യത്തിലൂടെ യു.എസ്. നാവികസേന ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കംചെയ്തതായി റിപ്പോർട്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യു.എസ്. സൈന്യവും ദൗത്യവിവരം സ്ഥിരീകരിച്ചു. ഫെബ്രുവരി ആക്രമണത്തിനുപിന്നാലെ, ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര കടൽ അതിർത്തികളിൽ ഇറാൻ മൈനുകൾ സ്ഥാപിച്ചിരുന്നു. ഇത് ചരക്കുകപ്പലുകളുടെ ഗതാഗതത്തെ പൂർണമായും തടസ്സപ്പെടുത്തി. ഏകദേശം 80-ഓളം മൈനുകൾ ഇത്തരത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ വിവരം.
രാത്രികാലങ്ങളിലാണ് യു.എസ്. സേന മൈൻ നീക്കൽ ദൗത്യം നടത്തിയത്. നാവികസേനയുടെ ‘കോമൺ അൺക്രൂഡ് സർഫേസ് വെസൽ’ (സി.യു.എസ്.വി.) പോലെയുള്ള റോബോട്ട് ബോട്ടുകളും സോണാർ സംവിധാനങ്ങളും ഉപയോഗിച്ചാണ് കടലിന്റെ അടിത്തട്ടിലുള്ള മൈനുകൾ കണ്ടെത്തിയത്. ഹൈ-റെസല്യൂഷൻ ക്യാമറകളുടെ സഹായത്തോടെ കണ്ടെത്തുന്ന മൈനുകൾക്ക് സമീപം നാവികസേനയുടെ മുങ്ങൽവിദഗ്‌ധർ നേരിട്ടെത്തി സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച് തകർക്കുകയായിരുന്നു. പുതിയ മൈനുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇറാൻ ബോട്ടുകളെ ഉടനടി തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, തങ്ങൾ സ്ഥാപിച്ച മൈനുകളുടെ കൃത്യമായ സ്ഥാനം ഇറാനല്ലാതെ മറ്റാർക്കും അറിയില്ലെന്നാണ് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി പ്രതികരിച്ചത്.






























