തിരുവനന്തപുരം : ദേശീയ പാതയുടെ പണി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ കഴക്കൂട്ടം – കാരോട് ബൈപ്പാസിൽ ടോൾ പിരിവിന് ശ്രമം നടക്കുന്നതിനെതിരെ പ്രതിഷേധവുമായി സംസ്ഥാന ബിജെ.പി നേതൃത്വം. ടോൾ പിരിവിനെതിരെ ബി.ജെ.പി ധർണ്ണയും നടത്തി.
കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിതമായിട്ടുള്ള നിലപാടുകൾക്ക് വിരുദ്ധമായിട്ടാണ് ടോൾ പിരിവ് ആരംഭിച്ചത്. ദേശീയ പാതയുടെ പണി പൂർത്തിയായിട്ടില്ല. പണി പൂർത്തിയാകുന്നതിന് മുമ്പ് ടോൾ പിരിക്കുന്ന കീഴ്വഴക്കം ഇല്ല. ഈ സാഹചര്യത്തെ സംബന്ധിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കൾക്ക് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രേഖാമൂലം പരാതി നൽകിയിരുന്നു. ദേശീയ പാത അതോറിറ്റിയെ കേരളത്തിലുള്ള ചില ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചുവെന്ന് ബി.ജെ.പി നേതാവ് എസ്.സുരേഷ് പറഞ്ഞു. ദേശീയ പാതയുടെ ഒരു ഘട്ടം പൂർത്തിയായതാണ്. അത് കൊണ്ട് ടോൾ പിരിവ് തുടരുമെന്നാണ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി നേരത്തെ ശശി തരൂർ എംപി അയച്ച കത്തിന് മറുപടിയായി പറഞ്ഞത്.
എന്നാൽ ദേശീയ പാതയുടെ ഒരു ഘട്ടം അഞ്ചു വർഷം പൂർത്തിയായ സമയത്ത് നേരത്തെ പ്രഖ്യാപിച്ചത് പ്രകാരമാണ് ഉദ്ഘാടനം നടന്നത്. ഇനിയും പണി പൂർത്തിയാകാനുണ്ട്. ടോൾ കൊടുത്ത് പോകുന്ന വാഹനങ്ങൾക്ക് അങ്ങേ അറ്റം വരെ റോഡിൽ കൂടി പോകാൻ സാധിക്കില്ല. ചില ഉദ്യോഗസ്ഥന്മാരുടെ അനാവശ്യമായിട്ടുള്ള ഇടപെടലും താൽപ്പര്യങ്ങളുമാണ് ദേശീയ പാതാ അതോറിറ്റിയെ കൊണ്ട് ഇത്തരത്തിൽ ഒരു തീരുമാനം എടുപ്പിച്ചതിന് പിന്നിലുള്ളതെന്ന് ബോധ്യമായെന്ന് സുരേഷ് പറഞ്ഞു.