തിരുവനന്തപുരം : ആരോഗ്യത്തിന് പിന്നാലെ ധനകാര്യവും തകര്‍ന്നോ? കോവിഡ് പ്രതിരോധത്തിനൊപ്പം കിഫ്ബിയിലെ നേട്ടങ്ങളും എണ്ണി പറഞ്ഞാണ് പിണറായി രണ്ടാം തവണയും അധികാര കസേരയില്‍ എത്തിയത്. ആദ്യ സര്‍ക്കാരില്‍ ആരോഗ്യം ശൈലജ ടീച്ചറിനായിരുന്നു. ധനകാര്യം തോമസ് ഐസക്കിനും. രണ്ടാം പിണറായി മന്ത്രിസഭയില്‍ ഈ രണ്ടു പേരേയും മാറ്റി. ഇതോടെ ആരോഗ്യത്തിലെ ഏകോപനം നഷ്ടമായി. കിഫ്ബിയിലും ഐസകിന്റെ അഭാവം ചര്‍ച്ചയാണ്.
ശൈലജ ടീച്ചറിന് മത്സരിക്കാന്‍ സീറ്റു കൊടുത്തു. എന്നാല്‍ ഐസക്കിന് അതു പോലും നിഷേധിച്ചു. ഇതെല്ലാം രണ്ടാം പിണറായി സര്‍ക്കാരിന്റെ താളം തെറ്റിക്കുകയാണ്. പുതിയ ധനമന്ത്രിയായ കെ.എന്‍ ബാലഗോപാലിന് ഐസക്കിന്റെ പദ്ധതികളോട് തുടക്കം മുതലേ താല്‍പ്പര്യകുറവുണ്ട്. ഇതും കിഫ്ബിയെ ബാധിക്കുമെന്ന വിലയിരുത്തല്‍ സജീവമാണ്. ഇതാണ് നിയമസഭാ ചര്‍ച്ചകളിലും കിഫ്ബിയ്‌ക്കെതിരായ കടന്നാക്രമണത്തിന് കാരണം.
പ്രതിപക്ഷത്തിന് കിഫ്ബിയെ കുറിച്ച് പരാതികള്‍ ഏറെയാണ്. ഇതിനൊപ്പം നില്‍ക്കുകയാണ് പത്തനാപുരത്തെ ഭരണപക്ഷ എംഎല്‍എ കെ.ബി ഗണേശ് കുമാറും. ഗൗരവമുള്ള ആരോപണമാണ് ഗണേശ് ഉയര്‍ത്തുന്നത്. തോമസ് ഐസക് ധനകാര്യം ഒഴിഞ്ഞതോടെ കിഫ്ബിക്ക് കഷ്ടകാലം എന്നാണ് സൂചന. കിഫ്ബി സിഇഒയായ കെ.എം എബ്രഹാം മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. മുന്‍ ചീഫ് സെക്രട്ടറിയും കിഫ്ബിയില്‍ ഇപ്പോള്‍ പൂര്‍ണ്ണ സമയമില്ല. ഇതെല്ലാം കിഫ്ബിയെ താളം തെറ്റിക്കുന്നുവെന്ന് വേണം കരുതാന്‍.
നിര്‍മ്മാണം കിഫ്ബി ഏറ്റെടുത്ത റോഡുകളില്‍ മിക്കതും പാതിവഴിയില്‍ കിടക്കുകയാണെന്നും നാട്ടുകാര്‍ വാഴയും തെങ്ങും വച്ചു പ്രതിഷേധിക്കുകയാണെന്നും ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഭരണപക്ഷ എം.എല്‍.എ കെ.ബി ഗണേശ് കുമാറാണ് അതിനൊപ്പം ചേര്‍ന്നത്. ഗുരുതരമായ ആരോപണമാണ് ഗണേശ് കുമാര്‍ ഉയര്‍ത്തിയത്. ഇത് കേട്ട് ഭരണപക്ഷം പോലും ഞെട്ടി. എന്താണ് കിഫ്ബിയില്‍ സംഭവിക്കുന്നതെന്നും ഗണേശ് വിശദീകരിച്ചു.
കഴിഞ്ഞ സര്‍ക്കാരില്‍ കിഫ്ബിയുടെ 6 റോഡുകള്‍ മണ്ഡലത്തില്‍ കിട്ടിയപ്പോള്‍ സന്തോഷം കൊണ്ടു തുള്ളിച്ചാടിയ താന്‍ ഇപ്പോള്‍ ജനങ്ങള്‍ക്കു മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണെന്നു ഗണേശ് പറഞ്ഞു. സത്യം പറയാന്‍ മടിയില്ല. കിഫ്ബിയില്‍ അതിവിദഗ്ധന്മാരുടെ ബാഹുല്യമാണ്. അനാവശ്യ വാദങ്ങളുയര്‍ത്തി ഇവര്‍ നിര്‍മ്മാണങ്ങള്‍ തടയുന്നുവെന്നാണ് ഗണേശ് പറയുന്നു. മുകളിലുള്ളവരുടെ പിടിപ്പു കേടിനൊപ്പം അഴിമതിയും സംശയിക്കുന്നു.
സ്വകാര്യ കോളജില്‍ നിന്നു പണം കൊടുത്തു ബിടെക് പഠിച്ചിറങ്ങിയ കിഫ്ബിക്കാര്‍ 30 വര്‍ഷം പ്രവൃത്തി പരിചയമുള്ള മരാമത്ത് ചീഫ് എന്‍ജിനീയര്‍മാരെ തിരുത്തുകയാണ്. മന്ത്രി ഇതു പരിശോധിക്കണം ഗണേശ് ആവശ്യപ്പെട്ടു. ഇഷ്ടക്കാരായവരെ കൂടി ശമ്പളത്തിന് കിഫ്ബിയില്‍ നിയമിക്കുന്നുവെന്ന വിമര്‍ശനം നേരത്തെ വ്യക്തമാക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദ്ദേശങ്ങളെ മറികടക്കാനള്ള അധികാരം കിഫ്ബിയിലെ എഞ്ചിനിയര്‍മാര്‍ക്കുണ്ട്. ഇതാണ് പദ്ധതികളെ താളം തെറ്റിക്കുന്നതെന്നാണ് വിമര്‍ശനം.