തിരുവനന്തപുരം: ഗണേഷ് കുമാറിനെ പോലൊരു സാധനത്തെ പിടിച്ച് മന്ത്രിസഭയില്‍ വെച്ചാല്‍ മിനുങ്ങുകയല്ല, മുഖം കോടുകയാണ് ചെയ്യുകയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ഹസ്സന്‍. സര്‍ക്കാറിന്റെ മുഖം മിനുക്കാന്‍ പിണറായി മന്ത്രിസഭയില്‍ അഴിച്ചു പണി നടത്താന്‍ പോവുകയാണ്. ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതില്‍ യു.ഡി.എഫിന് അഭിപ്രായമില്ല. പക്ഷെ, ഇതുപോലൊരാളെ മന്ത്രിയാക്കാന്‍ പിണറായി വിജയന്‍ ശ്രമിക്കുമോയെന്നത് കാണേണ്ടിയിരിക്കുന്നു. ഗണേഷ് കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അങ്ങനെ ഒരാളെ മന്ത്രിയാക്കരുതെന്ന് പറയേണ്ട ആവശ്യമൊന്നും ഞങ്ങള്‍ക്കില്ലെന്നും ഹസ്സന്‍ പറഞ്ഞു.
സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തില്‍ ക്രിമിനല്‍ ഗൂഢാലോചന പുറത്ത് കൊണ്ടുവന്ന സാഹചര്യത്തില്‍ എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാറില്‍ മന്ത്രിയായിരുന്നു ഗണേഷ് കുമാര്‍. അങ്ങനെയൊരു അബദ്ധം ഉമ്മന്‍ ചാണ്ടിക്ക് സംഭവിച്ചു. അന്ന്, ഗണേഷിനോട് രാജിവെക്കാന്‍ പറഞ്ഞത് രാഷ്ട്രീയ കാരണങ്ങളാലല്ല. അദ്ദേഹത്തിന്റെ കുടുംബപ്രശ്‌നം കാരണമാണ്. അതെല്ലാവര്‍ക്കും അറിയാം. ഇതിനുള്ള പ്രതികാരമാണ് പിന്നീട് നാം കണ്ടത്. സോളാര്‍ കേസിലൂടെ അധികാരത്തില്‍ വരാന്‍ കഴിഞ്ഞ ഇടതുസര്‍ക്കാര്‍ ഈ സാമൂഹിക വിരുദ്ധ പ്രവണതകളുള്ള രാഷ്ട്രീയ നേതാവിന് അവര്‍, നല്‍കിയ പാരിതോഷികമാണ് ഗണേഷിന്റെ എം.എല്‍.എ സ്ഥാനമെന്നും ഹസ്സന്‍ പറഞ്ഞു.