കൊല്ലം : സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ കോംപ്ലക്സുകളില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ന്യായീകരിച്ച് മുന്‍ ഗതാഗത മന്ത്രിയും പത്തനാപുരം എം.എല്‍.എയുമായ കെ.ബി. ഗണേഷ് കുമാര്‍. കൊട്ടാരക്കര ബസ് സ്റ്റാന്‍ഡിനകത്തല്ലേ ഇപ്പോള്‍ മദ്യശാലയുള്ളത്. അതില്‍ ഒരു കുഴപ്പവുമില്ലല്ലോ. കെ.എസ്.ആര്‍.ടി.സിക്ക് എങ്ങനെയെങ്കിലും ടിക്കറ്റിതര വരുമാനം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ അതിനെ തടയുന്നത് ശരിയല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാന്‍ഡിനകത്താണ് ബിവറേജസ് ഔട്ട് ലെറ്റ്. അതിന് ചേര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്. അവിടുന്ന് നടന്നുകയറാം. ഈ പറയുന്ന ആപത്തൊന്നും അവിടെ സംഭവിച്ചില്ലല്ലോ. സ്വകാര്യ കെട്ടിടത്തിന് വാടക ലഭിക്കുമ്പോള്‍ ആര്‍ക്കും പരാതിയില്ല, കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കുമ്പോഴാണ് പ്രശ്നം. കെ.എസ്.ആര്‍.ടി.സിക്ക് പത്തുകാശ് എവിടെ നിന്നെങ്കിലും കിട്ടിയാല്‍ ഈ ഗ്രാമപ്രദേശങ്ങളിലൂടെ ബസ് ഓടിക്കിട്ടും -ഗണേഷ് കുമാര്‍ പറഞ്ഞു.
ലോകത്തെ വിമാനത്താവളങ്ങളിലെല്ലാം മദ്യശാലകളില്ലേ. നെടുമ്പാശേരിയില്‍ മദ്യശാല ഇല്ലേ. അബൂദബി, ദുബൈ പോലുള്ള ഗള്‍ഫ് നാടുകളില്‍ പോയാല്‍ മിക്കവാറും എല്ലാ ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും മദ്യശാലയുണ്ട്. അവിടെയുള്ളവരെല്ലാം മദ്യപിച്ച് തലകുത്തിക്കിടക്കുകയാണോ. അല്ലല്ലോ.
മദ്യപിക്കല്‍ അവനവന്റെ സ്വാതന്ത്ര്യമാണ്. ഇഷ്ടമുള്ളവന് കഴിക്കാം. അവനവന്റെ വയറ്റില്‍ കിടക്കണമെന്ന് മാത്രം. മദ്യപിക്കുന്നവരെല്ലാം മോശക്കാരാണെന്ന ധാരണ തനിക്കില്ല. മദ്യപിക്കുന്നവര്‍ക്ക് മദ്യപിക്കാം വേണ്ടാത്തവര്‍ക്ക് മദ്യപിക്കാതിരിക്കാം. ഇറച്ചി കഴിക്കുന്നവര്‍ക്ക് ഇറച്ചി കഴിക്കാം അല്ലാത്തവര്‍ക്ക് വെജിറ്റേറിയന്‍ കഴിക്കാം. ഇതാണ് തന്റെ കാഴ്ചപ്പാടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.