തിരുവനന്തപുരം : കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അധ്യക്ഷനായി ഉമ്മന്‍ചാണ്ടിയെ നിയമിച്ചത് ഭൂരിപക്ഷ വോട്ടുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയെന്ന് ചൂണ്ടിക്കാട്ടി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാര്‍ട്ടി അധ്യക്ഷക്ക് കത്തയച്ചെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് കെ.സി. ജോസഫ്. സോണിയ ഗാന്ധിക്ക് കത്തയച്ചോ എന്ന് രമേശ് ചെന്നിത്തലയാണ് വ്യക്തത വരുത്തേണ്ടതെന്ന് കെ.സി. ജോസഫ് പറഞ്ഞു.
പാര്‍ട്ടി അധ്യക്ഷക്ക് ചെന്നിത്തല അയച്ച കത്തില്‍ എന്തൊക്കെ പറഞ്ഞുവെന്ന് എനിക്കറിയില്ല. എന്നാല്‍ ഈയൊരു വാര്‍ത്ത വന്നതോടെ അക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. കത്ത് വിഷയത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കാത്തതാണ് പരാജയത്തിലേക്ക് നയിച്ചതെന്നും കെ.സി ജോസഫ് വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പിനിടെ സംഘടനക്കുള്ളില്‍ പ്രശ്നങ്ങളുണ്ടായ വയനാട്ടിലും പാലക്കാട്ടും ഇരിക്കൂരും ട്രമ്ബിള്‍ ഷൂട്ടറായി ഓടിയെത്തിയത് ഉമ്മന്‍ ചാണ്ടിയാണ്. പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട അശോക് ചവാന്‍ സമിതിയേക്കാള്‍ പ്രധാനമാണ് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പാര്‍ട്ടി അധ്യക്ഷക്ക് കൈമാറിയ റിപ്പോര്‍ട്ട്. സമഗ്ര റിപ്പോര്‍ട്ടാണ് മുല്ലപ്പള്ളി നല്‍കിയത്. ചവാന്‍ സമിതിയുടെ റിപ്പോര്‍ട്ട് വരുമ്പോള്‍ അതില്‍ കെ.പി.സി.സി അധ്യക്ഷന്റെ നിഗമനങ്ങളും ഉണ്ടാവുമെന്ന് കെ.സി ജോസഫ് പറഞ്ഞു.