ഭോപ്പാൽ: രാഹുൽ ഗാന്ധി എം പിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് വീണുപരിക്ക്. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന യാത്രയ്ക്കിടെ ഇന്ന് രാവിലെയാണ് തിക്കിലും തിരക്കിലുംപ്പെട്ട് കെ സി വേണുഗോപാൽ നിലത്തുവീണത്. നിലത്തുവീണ വേണുഗോപാലിന്റെ കൈയ്ക്കും കാൽമുട്ടിനും പരിക്കേറ്റിരുന്നു. പിന്നാലെ അദ്ദേഹത്തെ യാത്രാ ക്യാംപിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഇതിന് ശേഷം വേണുഗോപാൽ വീണ്ടും യാത്രയിൽ പങ്കാളിയാവുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് യാത്ര മദ്ധ്യപ്രദേശിൽ പ്രവേശിച്ചത്. വരും ദിവസങ്ങളിൽ യാത്ര രാജസ്ഥാനിൽ എത്തും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയ്ക്ക് ജനങ്ങളിൽ നിന്നും പ്രവർത്തകരിൽ നിന്നും വലിയ രീതിൽ പിന്തുണ ലഭിക്കുന്നുണ്ട്. ഇക്കാരണത്താൽതന്നെ മിക്ക സ്ഥലങ്ങളിലും തിക്കും തിരക്കും ഉണ്ടാകാറുണ്ട്.
സെപ്തംബർ ഏഴിന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തിൽ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്.കന്യാകുമാരി മുതൽ കാശ്‌മീർ വരെ 150 ദിവസങ്ങളിലായി പന്ത്രണ്ട് സംസ്ഥാനങ്ങളിലൂടെ 3570 കിലോമീറ്റർ താണ്ടിയാണ് യാത്ര കടന്നുപോകുന്നത്. നൂറ് സ്ഥിരാംഗങ്ങൾ രാഹുലിനോടൊപ്പം യാത്രയിലുടനീളം പങ്കെടുക്കുന്നുണ്ട്.