തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസിലുള്ളില്‍ ഉടലെടുത്ത ഭിന്നതകളും തര്‍ക്കങ്ങളും പോസ്റ്റര്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടവേ കൃത്യമായ താക്കീതുമായി കെ സി വേണുഗോപാല്‍. കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലുള്ള ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചാണ് കെ സി വേണുഗോപാല്‍ രംഗത്തുവന്നത്.
ഗ്രൂപ്പ് രാഷ്ട്രീയം കേരളത്തില്‍ അതിരു വിടുകയാണെന്നും പാര്‍ട്ടിയെ തന്നെ തകര്‍ക്കുന്ന അവസ്ഥയിലേക്ക് അത് മാറുന്നുവെന്നും വേണുഗോപാല്‍ ആരോപിച്ചു. എല്ലാകാലത്തും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഉണ്ട്. ഇന്ന് അത് പാര്‍ട്ടിയെ തന്നെ തകര്‍ക്കുന്ന അവസ്ഥയിലേക്ക് കേരളത്തില്‍ മാറുന്നു. പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പാണെന്നത് മാറണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയം തെളിയിക്കുന്നത് അതാണെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്‍റെ റിപ്പോര്‍ട് ലഭിച്ച ശേഷം കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറികള്‍ക്ക് ശേഷം നേതൃമാറ്റമെന്ന ആവശ്യ മടക്കം ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് വേണുഗോപാലിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള ശ്രമങ്ങളുടെ ഭാഗമാണോ കെസിയുടെ നീക്കമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
അതെ സമയം കോണ്‍ഗ്രസിലെ ഗ്രൂപ്പ് വീതംവയ്പ്പും വഴക്കും അടിയന്തരമായി അവസാനിപ്പിക്കണമെന്നാണ് പിജെ ജോസഫ് ആവശ്യപ്പെട്ടു. താരിഖ് അന്‍വര്‍ മുന്‍പാകെയാണ്പിജെ ജോസഫ് നയം വ്യക്തമാക്കിയത്. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രം ഇടപെടണം. എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോകണമെന്ന ആവശ്യവും പിജെ ജോസഫ് ഉന്നയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റ് വിഭജനം ഉടന്‍ വേഗം പൂര്‍ത്തിയാക്കണം. പാലാ സീറ്റ് മാണി സി കാപ്പന് നല്‍കാന്‍ തയ്യാറാണെന്നും എന്‍സിപിയെ മുന്നണിയിലെത്തിക്കാനുള്ള ശ്രമം അടിയന്തരമായി നടത്തണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു.