ആലപ്പുഴ: മുസ് ലിം ലീഗിനെ ലക്ഷ്യം വെച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന ദുഷ്ടലാക്കോടെ ഉള്ളതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. വര്‍ഷങ്ങളായി വളരെ അടുപ്പത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും. കോണ്‍ഗ്രസിന്‍റെ കാര്യം കോണ്‍ഗ്രസും ലീഗിന്‍റെ കാര്യം ലീഗുമാണ് തീരുമാനിക്കുന്നത്. ഇരുപാര്‍ട്ടികളും പരസ്പരം ഇടപെടാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ കോണ്‍ഗ്രസിന്‍റെ കാര്യങ്ങള്‍ നോക്കാന്‍ സംസ്ഥാനത്ത് നേതാക്കളുണ്ട്. ഇതിന് മുകളില്‍ ഹൈക്കമാന്‍ഡും ഉണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തിലെത്തും. താഴെതട്ടിലുള്ള പ്രവര്‍ത്തകരുടെ ആശങ്കകളും പ്രയാസങ്ങളും പരിഹരിച്ച് മുന്നോട്ടു പോകാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എം പ്രവര്‍ത്തകര്‍ കേരള വ്യാപകമായി ദുഷ്ടപ്രചരണം നടത്തിയിരുന്നു. അതില്‍ ചെറിയ വിജയങ്ങള്‍ അവര്‍ക്ക് ഉണ്ടായി കാണും. എല്ലായ്പ്പോഴും ചക്ക വീണ് മുയല്‍ ചാകില്ലെന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.