ജയം രവി നായകനായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് സൈറണ്‍. ആന്റണി ഭാഗ്യരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സസ്‌പെന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷും അനുപമ പരമേശ്വരനുമാണ് നായികമാര്‍. വളരെ വ്യത്യസ്തമായ വേഷത്തില്‍ ജയം രവി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തര്‍ പുറത്തുവിട്ടു. സസ്‌പെന്‍സുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ടീസര്‍. ശക്തമായ ഒരു പോലീസ് വേഷത്തിലാണ് സൈറണില്‍ കീര്‍ത്തി സുരേഷ് എത്തുന്നത്. കൊലപാതക കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന കൊടും കുറ്റവാളിയുടെ വേഷമാണ് ജയം രവി കൈകാര്യം ചെയ്യുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ട്രെയിലറില്‍ മുഴുനീളം ജയം രവി എത്തുന്നത്.
ശിക്ഷ കഴിഞ്ഞ് പുറത്തെത്തുന്ന ഒരു ജയില്‍പ്പുള്ളി തന്റെ ഭാര്യയെയും മകളെയും അന്വേഷിച്ച് കണ്ടെത്താന്‍ ശ്രമിക്കുന്ന കഥയാണ് ചിത്രത്തില്‍ പറയുന്നത്. ജയില്‍ മോചിതനായ ശേഷം നായകന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാഗതി. അനുപമയാണ് ജയം രവിയുടെ ഭാര്യയുടെ വേഷം അവതരിപ്പിക്കുന്നത്. ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍ അനുസരിച്ച് ജയം രവിയുടെ മകളുടെ വേഷത്തിലാണ് കീര്‍ത്തി സുരേഷ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിലെ ആദ്യ ലിറിക്കല്‍ ഗാനവും ടീസറും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. കവിതാമരയുടെ വരികള്‍ സിദ്ധ് ശ്രീറാമാണ് ആലപിച്ചിരിക്കുന്നത്. ജിവി പ്രകാശാണ് സംഗീത സംവിധാനം പകര്‍ന്നിരിക്കുന്നത്. ഫെബ്രുവരി 16 ന് ചിത്രം തീയേറ്ററുകളിലെത്തും. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഛായാഗ്രാഹണം സെല്‍വകുമറും കൊറിയോഗ്രാഫി ബൃന്ദയുമാണ് നിര്‍വ്വഹിക്കുന്നത്.