ന്യൂഡൽഹി : യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം ഇന്ത്യയിലെത്തുന്ന പ്രഥമ വനിത മെലാനിയ ട്രംപ് ഡൽഹിയിലെ സർക്കാർ സ്‌കൂളിലെ ‘സന്തോഷ ക്ലാസ്’ സന്ദർശിക്കും. എന്നാൽ മെലാനിയയുടെ സ്‌കൂൾ സന്ദർശന പരിപാടിയിൽ നിന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയയെയും കേന്ദ്ര സർക്കാർ ഒഴിവാക്കിയതായി ആം ആദ്മി പാർട്ടി ആരോപിച്ചു.
നേരത്തെയുള്ള പദ്ധതി പ്രകാരം കെജ്‌രിവാളും സിസോഡിയയുമായിരുന്നു മെലാനിയ ട്രംപിനെ സൗത്ത് ഡൽഹി സർക്കാർ സ്‌കൂളിൽ സ്വീകരിക്കേണ്ടിയിരുന്നത്. ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ചയാണ് മെലാനിയ ട്രംപ് പ്രത്യേക അതിഥിയായി സ്‌കൂൾ സന്ദർശിക്കുക. ഒരു മണിക്കൂർ നീണ്ട സന്ദർശനത്തിൽ അവർ സ്‌കൂൾ കുട്ടികളോടൊപ്പം കുറച്ച് സമയം ചെലവഴിക്കും. വി.വി.ഐ.പി ഇവന്റിൽ നിന്ന് കെജ്‌രിവാളിനെയും സിസോദിയയെയും കേന്ദ്ര സർക്കാർ ഒഴിവാക്കിയത് ദുരൂഹമാണെന്ന് എ.എ.പി പറഞ്ഞു.
സ്‌കൂൾ കുട്ടികൾക്കിടയിലെ സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ശ്രമമായി സന്തോഷ പാഠ്യപദ്ധതി അവതരിപ്പിച്ചത് രണ്ട് വർഷം മുമ്പ് മനീഷ് സിസോദിയയാണ്. ധ്യാനം, വിശ്രമം, ഔട്ട്ഡോർ പ്രവർത്തനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് സന്തോഷ ക്ലാസ്.