ഗസിയാബാദ്: ഡൽഹി കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അൻവിത ശര്‍മയെയാണ്(31) ഗസിയാബാദിലെ വസുന്ധരയിലുള്ള വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. യുവതിയുടെ കുടുംബത്തിന്‍റെ പരാതിയിൽ സ്ത്രീധന പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് അറസ്റ്റ്. മരണത്തിന് തൊട്ടുമുൻപ് ഞായറാഴ്ച അൻവിത സഹോദരൻ അമിതിന് മെസേജ് അയച്ചിരുന്നു. “ഞാൻ നിന്നെ സ്നേഹിക്കുന്നു. ദയവായി എന്നോട് ക്ഷമിക്കൂ, എല്ലാവരെയും നോക്കണം” എന്നായിരുന്നു മെസേജ്. ഉടൻ തന്നെ താൻ ഭര്‍ത്താവിനെ വിവരം അറിയിച്ചതായി അമിത് പറഞ്ഞു.
2019ലായിരുന്നു അൻവിതയും ഡോക്ടറായ ഗൗരവ് കൗശിക്കും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ദമ്പതികൾ തമ്മിൽ പ്രശ്നങ്ങൾ തുടങ്ങി. ഇരുവരും തമ്മിൽ പതിവായി വഴക്കുകൾ ഉണ്ടാകാറുണ്ടെന്ന് സഹോദരൻ പറഞ്ഞു. ബന്ധം വേര്‍പെടുത്താൻ പല തവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കൗശിക് തടയുകയായിരുന്നുവെന്ന് അമിത് വ്യക്തമാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ന് യുവതിയുടെ ഭർത്താവും നാല് വയസുള്ള മകനും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.