തിരുവനന്തപുരം : ദേശീയ അവാര്‍ഡ് നേട്ടത്തില്‍ കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണ്‍. ഗവേണന്‍സ് നൗ പതിനൊന്നാമത് പി.എസ്.യു അവാര്‍ഡ്‌സിലാണ് സംസ്ഥാനത്തിന്റെ നേട്ടം അടയാളപ്പെടുത്തി കെഫോണ്‍ അംഗീകാരം നേടിയത്. ‘പി.എസ്.യു ലീഡര്‍ഷിപ്പ് അവാര്‍ഡ് ഫോര്‍ സി.എം.ഡി/എം.ഡി’ വിഭാഗത്തിലാണ് അവാര്‍ഡ്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കെഫോണ്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മാനേജിംഗ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു ഐഎഎസിന് വേണ്ടി കെഫോണ്‍ ലിമിറ്റഡിനെ പ്രതിനിധികരിച്ച് മാനേജര്‍ സൂരജ് എ പുരസ്‌കാരം ഏറ്റുവാങ്ങി. കേന്ദ്ര കല്‍ക്കരി – ഖനന മന്ത്രാലയം സഹമന്ത്രി സതീഷ് ചന്ദ്ര ദുബെ, മുന്‍ മാനവ വിഭവശേഷി വികസന സഹമന്ത്രിയും മുന്‍ ജലവിഭവ, നദീ വികസന, ഗംഗാ പുനരുജ്ജീവന മന്ത്രാലയത്തിലെ സഹമന്ത്രിയുമായിരുന്ന സത്യപാല്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. ഗവേണന്‍സ്, ലീഡര്‍ഷിപ്പ്, ഇന്നൊവേഷന്‍ എന്നീ മേഖലകളില്‍ ദേശീയ, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്തുന്ന സംഭാവനകള്‍ക്കുള്ള അംഗീകാരമാണ് ഗവേണന്‍സ് നൗ പിഎസ്യു അവാര്‍ഡുകള്‍.
കേരളത്തില്‍ അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കാനും ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച സര്‍ക്കാര്‍ സംവിധാനമാണ് കെഫോണ്‍. താങ്ങാനാവുന്ന നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്നതിലും ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തിപ്പെടുത്തുന്നതിലും ഈ പദ്ധതി ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഡിജിറ്റല്‍ ഇന്‍ക്ലൂസിവിറ്റി പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തിന്റെ കണക്റ്റിവിറ്റി രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്നതിനുമുള്ള കെഫോണിന്റെ അക്ഷീണമായ പരിശ്രമത്തിനുള്ള അംഗീകാരമാണിതെന്ന് ഡോ. സന്തോഷ് ബാബു ഐഎഎസ് പറഞ്ഞു. കേരളത്തിലെ ഓരോ പൗരനെയും ഡിജിറ്റലായി ശാക്തീകരിക്കുകയും, വിവരങ്ങള്‍, അവസരങ്ങള്‍, അവശ്യ സേവനങ്ങള്‍ എന്നിവയിലേക്ക് തടസ്സമില്ലാത്ത പ്രവേശനം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് കെഫോണിന്റെ ലക്ഷ്യം. സംസ്ഥാനത്തെ ഡിജിറ്റല്‍ അന്തരം ഇല്ലാതാക്കുന്നതിനും, ഒരു ഡിജിറ്റല്‍ കേരളം കെട്ടിപ്പടുക്കാനുമുള്ള കെഫോണിന്റെ പ്രതിബദ്ധതയെ ഈ അവാര്‍ഡ് കൂടുതല്‍ ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.