തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ രണ്ടാംഗഡു കിട്ടില്ലെന്ന് മുന്നറിയിപ്പ്. പണം ഏതെങ്കിലും പ്രത്യേക കേന്ദ്ര പദ്ധതിയുടെ സംസ്ഥാനവിഹിതമായി ഉപയോഗിക്കാൻ പാടില്ലെന്നും തദ്ദേശസ്ഥാപനങ്ങൾ തനതുവരുമാനം കൂട്ടണമെന്നും ഉപാധിയുമുണ്ട്. 2028-29 മുതൽ അനുവദിക്കാവുന്ന ഗഡുവിന്റെ 10 ശതമാനത്തിൽക്കൂടുതൽ പതിനഞ്ചാംകമ്മിഷന്റെ പണം ബാക്കിയുണ്ടെങ്കിൽ ഗ്രാന്റ് കിട്ടില്ല. അതിനുശേഷമുള്ള വർഷംമുതൽ പണം പൂർണമായി ചെലവഴിച്ചില്ലെങ്കിൽ വിഹിതം ലഭിക്കില്ല. ബേസിക് ഗ്രാന്റിന്റെ 50 ശതമാനം ടൈഡ് ഗ്രാന്റായും ബാക്കി അൺടൈഡായുമാണ് നൽകുന്നത്.
രണ്ടുവിഭാഗത്തിലും ഉൾപ്പെടുത്താവുന്ന പദ്ധതികളുടെ പട്ടിക മുൻഗണനാക്രമത്തിൽ ത്രിതല പഞ്ചായത്ത് തയ്യാറാക്കണം. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ശക്തിപ്പെടുത്താൻ വ്യവസ്ഥകൾക്കു വിധേയമായി പെർഫോമെൻസ് ഗ്രാന്റ് നൽകും. ഇത് അൺടൈഡ് വിഭാഗത്തിലാണ്. ഗ്രാമപ്പഞ്ചായത്തുകൾക്ക് സേവനഫീസ് ഈടാക്കാനും നികുതി ചുമത്താനുമുള്ള അധികാരമുള്ളതിനാൽ നിശ്ചയിച്ച തനതുവരുമാന നിരക്കോ അതിൽക്കൂടുതലോ കൈവരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പെർഫോമൻസ് ഗ്രാന്റ്. ഗ്രാമപ്പഞ്ചായത്തുകൾ ഓരോ വീട്ടിൽനിന്നും വർഷം 1200 രൂപ എന്ന നിരക്കിൽ വരുമാനം കണ്ടെത്തണമെന്നാണു വ്യവസ്ഥ. വാടകവരുമാനം, ആസ്തികളിൽനിന്നുള്ള വരുമാനം, യൂസർഫീ എന്നിങ്ങനെ ഇത് കണ്ടെത്താം.






























