വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത മുന്നറിയിപ്പുമായി അമേരിക്ക. ഇറാനുമായി ഇടപാട് നടത്തുന്ന രാജ്യങ്ങൾക്ക് എതിരെ സാമ്പത്തിക ഉപരോധം ശക്തമാക്കുമെന്ന് അമേരിക്ക. രാഷ്ട്ര നേതാക്കളെ വിളിച്ച് ഇറാനുമായുള്ള ഇടപാട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ആരും അമേരിക്കയ്ക്ക് അതീതരല്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറിയുടെ ഭീഷണി. ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന് അമേരിക്ക തുടക്കം കുറിച്ചു. ഇറാനുമായി ബന്ധമുള്ള 60 ഓളം സ്ഥാപനങ്ങൾക്കും കപ്പലുകൾക്കും വ്യക്തികൾക്കുമെതിരെ യുഎസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചു.
ഇറാനെ കള്ളപ്പണം വെളുപ്പിക്കാൻ സഹായിക്കുന്ന രാഷ്ട്രങ്ങളെ യു എസ് ഡോളർ വ്യവസ്ഥയിൽ നിന്ന് പുറത്താക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ഇറാനുമായുള്ള ബന്ധം ഉപേക്ഷിക്കാൻ തയ്യാറാകാത്ത രാജ്യങ്ങൾക്കു മേൽ കടുത്ത ഉപരോധങ്ങൾ ഉണ്ടാകുമെന്ന് യു എസ് ട്രഷറി വകുപ്പ് വ്യക്തമാക്കി. ഇറാനെ നിലനിർത്തുന്ന എല്ലാ സാമ്പത്തിക ജീവനാഡികളും വിച്ഛേദിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പ്രതികരിച്ചു. ഇറാനുമായുള്ള വ്യാപാര ബന്ധം ഉപേക്ഷിക്കാൻ സമയപരിധി നിശ്ചയിക്കും. ഹോർമുസ് കടലിടുക്ക് സംബന്ധിച്ച് ഇറാനിയൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ-ബുസൈദി ഇന്ന് ടെഹ്‌റാനിലെത്തും.
സാമ്പത്തിക യുദ്ധം തുടർന്നാൽ, ഗൾഫിൽ നിന്നുള്ള എല്ലാ എണ്ണ കയറ്റുമതിയും നിർത്തലാക്കുമെന്ന് ഇറാൻ. അമേരിക്കയുടെ ഭീഷണികളെ ഇറാൻ്റ വ്യാപാര പങ്കാളികൾ ഗൗരവമായി കണക്കാക്കുന്നില്ലെന്ന് ഇറാൻ പാർലമെൻ്റ സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബഫ് പറഞ്ഞു. അമേരിക്കൻ ഉപരോധങ്ങളെ പിന്തുണയ്ക്കുന്ന ഏതൊരു രാജ്യത്തിൻ്റെ പ്രവൃത്തിയും യുദ്ധമായി കണക്കാക്കുമെന്നും ഇറാൻ സുരക്ഷാ മേധാവി മൊഹ്‌സെൻ റെസായി പ്രതികരിച്ചു.































