കൊല്ലം : വോട്ടര്‍പ്പട്ടികയിലെ ഇരട്ടിപ്പ് നിഷ്പ്രയാസം കണ്ടെത്തി ഒഴിവാക്കാമെന്ന് സൈബര്‍ വിദഗ്ധര്‍. തിരിച്ചറിയല്‍ കാര്‍ഡിലെ മുഖത്തിന്റെയും കൃഷ്ണമണിയുടെയും സാദൃശ്യം നോക്കി ഇരട്ടിപ്പ് ഒഴിവാക്കാനാകുമെന്നാണ് വിദഗ്ധാഭിപ്രായം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കൈവശമുള്ള വ്യക്തിവിവരങ്ങളും ഫോട്ടോയും ഉപയോഗിച്ചുതന്നെ ഇത് സാധിക്കും. വ്യക്തിവിവരങ്ങളില്‍ പേര്, വിലാസം എന്നിവയ്‌ക്കൊപ്പം ഫോട്ടോകൂടി ഉള്ളതുകൊണ്ട് വേഗം ഇരട്ടിപ്പ് കണ്ടെത്താനാകും. ഇമേജ് പ്രോസസിങ് സാങ്കേതികവിദ്യ ഉപയോഗിച്ചും ഇരട്ടിപ്പ് കണ്ടെത്താം.
ഐറിസ് റെക്കഗ്‌നിഷന്‍, ഫെയ്സ് റെക്കഗ്‌നിഷന്‍ എന്നിവ ഉപയോഗിച്ച് ഫോട്ടോ ഇരട്ടിപ്പ് കണ്ടെത്തി അതിനുനേരെ വരുന്ന പേരുകള്‍ കൃത്യമാണോയെന്ന് ഉറപ്പിക്കാം.
റേഷന്‍ പട്ടികയില്‍ കടന്നുകയറിയ അനര്‍ഹരെ സാങ്കേതികവിദ്യയുടെ സഹായത്തോടെ അടുത്തിടെ കണ്ടെത്തിയിരുന്നു. 50 ലക്ഷത്തോളം മുന്‍ഗണനാ കാര്‍ഡുകള്‍, 90 ലക്ഷത്തില്‍പ്പരം കെട്ടിട ഉടമകള്‍, 45 ലക്ഷത്തോളം വാഹന ഉടമകള്‍ എന്നിവരുടെ വിലാസങ്ങള്‍ ഒത്തുനോക്കിയാണ് ഈ തട്ടിപ്പ് കണ്ടെത്തിയിരുന്നത്. മരിച്ചുപോയവര്‍ പെന്‍ഷന്‍ വാങ്ങുന്നതും ഇത്തരത്തില്‍ കണ്ടെത്താന്‍ സാധിച്ചിരുന്നു.