തിരുവനന്തപുരം : രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ നിയമസഭസമ്മേളനം നാളെ ചേരും. ധനകാര്യബില്‍ പാസ്സാക്കാന്‍ വേണ്ടിയാണ് ഒരു ദിവസത്തേക്ക് സഭ ചേരുന്നത്. എന്നാല്‍ പ്രതിപക്ഷത്തിന്‍റെ അവിശ്വാസപ്രമേയവും സ്വര്‍ണ്ണക്കടത്ത്, ലൈഫ് പദ്ധതി വിവാദങ്ങളും ചര്‍ച്ചയ്ക്ക് വരും.
സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പ്രതിപക്ഷത്തിന്‍റെ കയ്യില്‍ ആയുധങ്ങള്‍ നിരവധി. സര്‍വ്വ സന്നാഹവുമെടുത്ത് പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടത് എംഎല്‍എമാരും മറുവശത്ത്. നാളെ ചേരുന്ന നിയമസഭ സമ്മേളനം സമാനതകളില്ലാത്ത രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്ക് വേദിയാകുമെന്നുറപ്പ്.
ധനകാര്യബില്‍ പാസ്സാക്കിയതിന് ശേഷം അഞ്ച് മണിക്കൂര്‍ പ്രതിപക്ഷം നല്‍കിയ അവിശ്വാസപ്രമേയത്തില്‍ ചര്‍ച്ച. സ്വര്‍ണക്കടത്ത്, ലൈഫ് വിവാദം, എല്ലാം നിയമസഭക്കുള്ളില്‍ കത്തിപ്പടരും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള നീക്കങ്ങളായിരിക്കും പ്രതിപക്ഷം നടത്തുക. സോളാര്‍ മുതല്‍ സ്വര്‍ണ്ണക്കടത്തിലെ പ്രതിപക്ഷ ബന്ധം വരെ ആരോപിച്ച് തിരിച്ചടിക്കാനാണ് സര്‍ക്കാര്‍ നീക്കം. അവിശ്വാസം പരാജയപ്പെടുമെങ്കിലും ജനങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാരിനെ തുറന്ന് കാണിക്കാമെന്ന ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ മറുപടിയോടെ വിവാദങ്ങള്‍ക്ക് അവസാനമുണ്ടാകുമെന്ന പ്രതീക്ഷയില്‍ സര്‍ക്കാരും.