തിരുവനന്തപുരം : കേരള ബാങ്ക് എടിഎം തട്ടിപ്പില്‍ രണ്ട് പേർ കസ്റ്റഡിയിൽ. തമിഴ്നാട്ടിൽ നിന്നാണ് സൈബർ പോലീസ് രണ്ട് പേരെ പിടികൂടിയത്. കാസർഗോഡ് സ്വദേശികളാണ് പിടിയിലായ രണ്ട് പേരും. സോഫ്റ്റ്‍വെയർ ഹാക്ക് ചെയ്താണ് എടിഎം വഴിയുള്ള തട്ടിപ്പ് നടന്നതെന്ന സംശയത്തിലാണ് പോലീസ്. അതിവിദഗ്ധമായാണ് കേരള ബാങ്കിന്റെ മൂന്ന് എടിഎമ്മുകളിൽ നിന്നും രണ്ടേ മൂക്കാൽ ലക്ഷം രൂപ തട്ടിയെടുത്തത്.
വ്യാജ എടിഎം കാർഡുകൾ ഉപയോഗിച്ചാണ് പണം തട്ടിയിരിക്കുന്നത്. തിരുവനന്തപുരം, കാസർഗോഡ്, കോട്ടയം ജില്ലകളിലെ കേരള ബാങ്ക് എടിഎമ്മിൽ നിന്നാണ് തട്ടിപ്പ് നടന്നത്. ഇതേത്തുടർന്ന് കേരള ബാങ്ക് എടിഎമ്മുകളിൽ നിന്ന് മറ്റ് ബാങ്കുകളുടെ എടിഎം കാർഡുപയോഗിച്ച് പണം പിൻവലിക്കുന്നത് താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 90000 രൂപ കിഴക്കേക്കോട്ടയിലെയും നെടുമങ്ങാടെയും എടിമ്മുകളിൽ നിന്നും നഷ്ടമായെന്നാണ് പരാതി. എന്നാൽ ഉപഭോക്താക്കളുടെ പണമൊന്നും നഷ്ടമായിട്ടില്ലെന്നാണ് കേരള ബാങ്ക് അധികൃതർ പറയുന്നത്.
കേരള ബാങ്ക് രൂപീകൃതമായിട്ടും ഏകീകൃത സോഫ്റ്റ്‍വെയർ സംവിധാനം ഇതുവരെ നിലവിൽ വന്നിട്ടില്ല. ഓരോ ജില്ലാ ബാങ്കും സ്വന്തം സോഫ്റ്റ്‍വെയറുകള്‍ ഉപയോഗിച്ചാണ് ബാങ്കിംഗ് പ്രവർത്തനങ്ങള്‍ നടത്തുന്നത്. കേരള ബാങ്കിന്റെ സോഫ്റ്റ്‍വെയർ ഹാക്ക് ചെയ്താണോ തട്ടിപ്പെന്നാണ് പോലീസിന്‍റെ സംശയം. സോഫ്റ്റ്‍വെയർ തയ്യാറാക്കിയ കമ്പനികളിൽ നിന്നും രഹസ്യ വിവരങ്ങള്‍ ചോർത്തിയെടുത്താണോ പണം തട്ടിയതെന്ന് സംശയമുണ്ട്.