തിരുവനന്തപുരം : കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ചകിരിച്ചോറില്‍നിന്ന് പലക നിര്‍മിക്കാനുള്ള പുതിയ ആശയം കര്‍ഷകര്‍ക്ക് പുതിയ വരുമാനമായി മാറുമെന്ന് ധനമന്ത്രി തോമസ് ഐസക്. നൂതന ആശയങ്ങളും ഇന്നൊവേഷനുകളും ഉണ്ടാകേണ്ടതിന്‍റെ ആവശ്യകത ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നതിനിടെയാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.
കേരളത്തിന്‍റെ വികസനത്തെ ഗാഢമായി സ്വാധീനിക്കുന്ന പദ്ധതികളിലൊന്നായി ചകിരിച്ചോറുകൊണ്ടുള്ള ബൈന്‍ഡ്‌ലെസ്സ് ബോര്‍ഡ് നിര്‍മാണം എന്ന ആശയം കഴിഞ്ഞ ബജറ്റില്‍ ഉയര്‍ത്തിക്കാട്ടിരുന്നു. ഈ ആശയത്തെ പ്രോട്ടോടൈപ്പായി വികസിപ്പിച്ചിട്ടുണ്ട്. ചകിരിച്ചോറ് അല്ലെങ്കില്‍ ഉണക്കത്തൊണ്ടിന്‍റെ പൊടിയില്‍നിന്ന് ഏറ്റവും ഉറപ്പുള്ള പലക ഒരു രാസപദാര്‍ഥവും ഉപയോഗിക്കാതെ നിര്‍മിക്കാനാകുമെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ഈ ഉല്‍പന്നത്തിന്‍റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉദ്പാദനം ഈ വര്‍ഷം തന്നെ ഉണ്ടാകും. ഇത് കേരളത്തിലെ പ്ലൈവുഡ് വ്യവസായത്തിന്റെ സ്വഭാവം മാറ്റും. ഇത് നടപ്പായാല്‍ കേരളത്തിലെ നാളികേര കര്‍ഷകര്‍ക്ക് അധിക വരുമാനം ലഭിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.