കോട്ടയം : കേരള ലോട്ടറി വകുപ്പിന്റെ ഈ വർഷത്തെ ക്രിസ്മസ്- ന്യൂഇയർ ബംപറിന്റെ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. കോട്ടയം കുടയംപടി സ്വദേശി സദൻ എന്നയാൾക്കാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. പെയിന്റിങ് തൊഴിലാളിയാണ് ഇദ്ദേഹം.
സെൽവൻ എന്ന ലോട്ടറി ഏജന്റിൽ നിന്നും ഇന്ന് രാവിലെയാണ് ഇദ്ദേഹം ടിക്കറ്റെടുത്തത്. കോട്ടയത്തെ ബെൻസ് ലോട്ടറീസ് ഏജൻസിയാണ് ഒന്നാം സമ്മാനത്തിന് അർഹമായ XG 218582 എന്ന ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇവിടെ നിന്ന് ശ്രീകൃഷ്ണ ലക്കി സെന്റർ എന്ന സബ് ഏജൻസിയിലേക്ക് നൽകിയ ടിക്കറ്റ് ചെറുകിട കച്ചവടക്കാരനായ സെൽവൻ എന്ന ഏജന്റാണ് വില്പനയ്ക്കായി കൊണ്ടുപോയത്.
ക്രിസ്മസ് – ന്യൂഇയർ ബംപറിന്റെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം മൂന്നു കോടി (50 ലക്ഷം വീതം ആറ് പേർക്ക്). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറ് പേര്‍ക്കും (മൊത്തം 60 ലക്ഷം) നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 30 ലക്ഷം) ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. സമാശ്വാസ സമ്മാനം അഞ്ച് ലക്ഷമാണ്. ഇതുകൂടാതെ 5000, 3000, 2000,1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്. 47 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഈ വർഷം വിറ്റുപോയത്.