തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയലടക്കം നിർണായക ഇടപെടൽ തേടി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യയുമായി പിണറായി വിജയന്‍ ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തും. രാവിലെ 9.30ന് ബെംഗളുരുവിൽ കര്‍ണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടികാഴ്ച. സിൽവർലൈൻ പാത മംഗളൂരു വരെ നീട്ടുന്നതടക്കമുള്ള കാര്യങ്ങളാകും ഇരു മുഖ്യമന്ത്രിമാരും ചർച്ചചെയ്യുക. സിൽവർലൈൻ ഉൾപ്പടെ റെയിൽവേയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രി തലത്തിൽ ചർച്ച ചെയ്യാൻ ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ കേരളവും കർണാടകയും തമ്മില്‍ ധാരണയായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടകത്തിലെത്തുന്നത്.
നിലമ്പൂർ – നഞ്ചൻകോട് ,തലശ്ശേരി – മൈസൂർ റയിൽ ലൈൻ എന്നിവയടക്കമുള്ള വിഷയങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്യും. ഈ പദ്ധതികൾക്കെല്ലാം കർണാടകത്തിന്‍റെ പിന്തുണ ഉറപ്പാക്കുകയാണ് മുഖ്യമന്ത്രി പിണറായിയുടെ സന്ദർശനത്തിന്‍റെ ലക്ഷ്യം. കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിക്കൊപ്പം പങ്കെടുക്കും. ശേഷം കർണാടക ബാഗെപ്പള്ളിയില്‍ സിപിഎം സംഘടിപ്പിക്കുന്ന പൊതുയോഗത്തിലും ബഹുജന റാലിയിലും പങ്കെടുത്ത ശേഷമാകും പിണറായി വിജയൻ മടങ്ങുക.