റാന്നി : മലയോരമേഖലയെ കടുത്ത പ്രതിസന്ധിയിലാഴ്ത്തുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ നേതൃത്വ സംഘം ആവശ്യപ്പെട്ടു. കടുത്ത വന്യമൃഗ ആക്രമണം നേരിടുന്ന റാന്നി നിയോജകമണ്ഡലത്തിലെ വടശ്ശേരിക്കരയുടെ വിവിധ മേഖലകളായ കുമ്പളത്താമൺ, തെക്കുംമല, മുക്കുഴി എന്നീ സ്ഥലങ്ങൾ കേരള കോൺഗ്രസ് (എം) ജില്ലാ നേതൃത്വം സന്ദർശിച്ചു. തൽസ്ഥിതി തുടർന്നാൽ മലയോര മേഖലയിൽ നിന്നും ജനങ്ങൾ കൂട്ടത്തോടെ കൂടിയിറങ്ങേണ്ടി വരുമെന്നും നേതൃത്വം ആരോപിച്ചു. താൽക്കാലിക പ്രതിരോധ മാർഗങ്ങൾ ഉപേക്ഷിച്ച് ശാശ്വതമായ പരിഹാരം മാർഗ്ഗമുണ്ടാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ വനം വന്യജീവി നിയമം ഭേദഗതി നടത്തണമെന്നും നിലവിൽ ആക്രമണം നേരിടുന്ന ദേശത്തെ ആളുകൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിഹാരം കാണുവാൻ കേന്ദ്രസർക്കാർ പാക്കേജ് അനുവദിക്കണമെന്നുമാണ് ആവശ്യം.
ജില്ലാ പ്രസിഡന്റ് സജി അലക്സ്, ജനറൽ സെക്രട്ടറി എബ്രഹാം വാഴയിൽ, റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് എബ്രഹാം, കെ എസ് സി (എം) സംസ്ഥാന ജനറൽ സെക്രട്ടറി റിന്റോ തോപ്പിൽ, ദളിത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എം.സി ജയകുമാർ, വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുമ റെജി,
രാജു ഇടയാടി, ടോമി വടക്കേമുറിയിൽ, മണ്ഡലം പ്രസിഡന്റുമാരായ സണ്ണി ഇടയാടി, എൻ എസ് ശോഭന, ദിലീപ് ഉതിമൂട്, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശോഭ ചാർലി, ജോമോൻ ജോസ്, അജിമോൾ നെല്ലുവേലിൽ, ജോസ് മാലിയിൽ, അനീന വടശ്ശേരിക്കര, ചെറിയാൻ പുത്തൻ പറമ്പിൽ, മോനായി വടശ്ശേരിക്കര, രതീഷ് മണിയാർ, പ്രസാദ് ടി കെ എന്നിവർ നേതൃത്വം നൽകി.